ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

0
402

ബദിയടുക്ക: ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു. നെല്ലിക്കട്ട എതിര്‍ത്തോട് സ്വദേശി നൗഫല്‍(24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ ഗോളിയടുക്ക ദാസക്കണ്ടത്താണ് അപകടമുണ്ടായത്. അപകടം സംബന്ധിച്ച് നാട്ടുകാര്‍ പറയുന്നത് ഇപ്രകാരമാണ്-മണലുമായി പോകുകയായിരുന്നു ടിപ്പര്‍ ലോറി. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാനായി ലോറി ഊടുവഴിയിലൂടെ പോയി. ദാസക്കണ്ടം ഇറക്കത്തില്‍ എത്തിയപ്പോള്‍ ലോറി നിര്‍ത്തുകയും വാഹനം കയറ്റിവെച്ച് വീണ്ടും മുന്നോട്ടെടുക്കുന്നതിനുള്ള സൗകര്യത്തിനായി ബദിയടുക്ക പഞ്ചായത്തംഗം രവികുമാര്‍ റൈയുടെ വീടിന്റെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ലോറി പിറകോട്ട് നിരങ്ങിവന്ന് നൗഫലിന്റെ ദേഹത്ത് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ആദ്യം കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലായതിനാല്‍ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മണലുമായി പോവുകയായിരുന്ന രണ്ട് ടിപ്പര്‍ലോറികളെയാണ് പൊലീസ് പിന്തുടര്‍ന്നത്. ഒരു ടിപ്പര്‍ലോറി വഴിമാറി പോകുകയും മറ്റേ ടിപ്പര്‍ ലോറി അപകടത്തില്‍പെടുകയുമായിരുന്നു. പൊലീസ് പറയുന്നത്-മണല്‍ലോറിയെ പിന്തുടര്‍ന്നിട്ടില്ല. പഞ്ചായത്തംഗമായ രവികുമാര്‍റൈ ടിപ്പര്‍ലോറി ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടതായി അറിയിച്ചപ്പോള്‍ മാത്രമാണ് സംഭവം അറിഞ്ഞത്. ഇതിന് ശേഷം മാത്രമാണ് പൊലീസ് സ്ഥലത്തെത്തിയത്. അബ്ദുല്‍റഹ്മാന്‍ മുക്കൂറിന്റെയും ആയിഷയുടെയും മകനാണ് നൗഫല്‍. സഹോദരങ്ങള്‍: ലത്തീഫ്, മുനീര്‍, നാസര്‍, ആസ്മിയ.

LEAVE A REPLY

Please enter your comment!
Please enter your name here