പണികിട്ടി; വീടിന്റെ തൊട്ടടുത്തുള്ള ക്യാമറ കണ്ടില്ല, 250 ട്രാഫിക് നിയമലംഘനം, പിഴയൊടുക്കേണ്ടത് 1.34 ലക്ഷം

0
195

ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയൊടുക്കേണ്ടി വരും. അതിപ്പോൾ ഹെൽമെറ്റ് ഇല്ലാത്തതായാലും ശരി, സി​ഗ്നൽ കിട്ടും മുമ്പ് വണ്ടിയോടിച്ച് പോവുന്നതായാലും ശരി. ചെറിയ തുക മുതൽ വമ്പൻ തുക വരെ വിവിധ നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടിയും വരും. അതുപോലെ, ബം​ഗളൂരുവിൽ ഒരാൾ 250 തവണയാണ് ട്രാഫിക് നിയമം ലംഘിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിഴയൊടുക്കേണ്ടതോ 1.34 ലക്ഷം രൂപ.

എളുമലൈ എന്നയാൾക്കാണ് ഇത്രയധികം രൂപ പിഴയായി വന്നത്. അതിൽ 20 കേസുകൾ തീർപ്പാക്കി 10,000 രൂപ മാത്രമാണ് അദ്ദേഹം അടച്ചിരിക്കുന്നത് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, എളുമലൈയുടെ സുസുക്കി ആക്‌സസ് സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ദിവസ വേതനക്കാരനായ തൊഴിലാളിയാണ് എളുമലൈ. 50 -ലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ആളുകളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ബംഗളൂരു പൊലീസ്. അപ്പോഴാണ് രണ്ട് വർഷത്തോളമായി എളുമലൈ ട്രാഫിക് നിയമങ്ങൾ പലതും പാലിക്കുന്നില്ല എന്ന് കണ്ടെത്തിയത്.

ട്രാഫിക് ഫൈൻ പേയ്‌മെന്റ് ഡിജിറ്റലാക്കിയ ശേഷം 50 -ലധികം തവണ നിയമം ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അപ്പോൾ ഇത്തരം കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തന്റെ വീടിന്റെ അടുത്തായി സ്ഥാപിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) ക്യാമറകളെക്കുറിച്ച് എളുമലൈക്ക് അറിയില്ലായിരുന്നുവെന്നും ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പറയുന്നു. അദ്ദേഹവും മകനും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടയിൽ അനേകം തവണ ഹെൽമെറ്റ് ധരിക്കാതെ ഇതുവഴി കടന്നു പോയിട്ടുണ്ട്. ഇതെല്ലാം കൂട്ടിയാണ് അദ്ദേഹത്തിന്റെ പേരിൽ ഇത്രയധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here