പ്രവാസികളുടേതടക്കം 2440 കോടി, ഈ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നു; തിരിച്ചെടുക്കാൻ അവസരം

0
241

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതൽ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന ഭാഗം ഇതിനകം രാജ്യം വിട്ട പ്രവാസികളുടെ അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കുകൾ അവരുടെ സിസ്റ്റങ്ങളുടെ വിപുലമായ അവലോകനം നടത്തിയിരുന്നു. തുടര്‍ന്ന് പരിമിതമായ ഇടപാടുകള്‍ മാത്രം നടത്തുന്ന അക്കൗണ്ടുകൾ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെട്ട തുകകൾ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, മരണപ്പെട്ടുവരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അവലോകനത്തില്‍ ഉൾപ്പെടുത്തിയിട്ടുമില്ല. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിർദ്ദേശമനുസരിച്ച്, ബാങ്കുകൾ അക്കൗണ്ടുകൾ സംബന്ധിച്ച് വിപുലമായ അവലോകനം നടത്തിയിരുന്നു.

ഇതുവഴിയാണ് നിശ്ചലമായ അക്കൗണ്ടുകൾ തിരിച്ചറിയുകയും അവയിൽ ഉള്ള ബാലൻസ് തുക കണക്കാക്കുകയും ചെയ്തത്. ഈ കണക്കെടുപ്പിൽ മരിച്ചവരുടെ അക്കൗണ്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരം അക്കൗണ്ടുകളെ പരിരക്ഷ ലക്ഷ്യമിട്ട് റസിഡൻഷ്യൽ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരം നൽകുന്നതടക്കമുള്ള നടപടികൾ ബാങ്കുകൾ സ്വീകരിച്ചിട്ടുണ്ട്. സാധാരണക്കാരായ ജീവനക്കാര്‍ ഇത്തരം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനും അക്കൗണ്ടുകളിൽ ഇടപെടാനുമുള്ള സാധ്യതകൾ തടയാൻ ഇത് സഹായിക്കും. അതേസമയം, ഇത്തരം അനാഥ പണം കണ്ടെത്തിയ ചില ബാങ്കുകൾ ഉപഭോക്താവിനായി ഒരു അവസരവും നൽകുന്നുണ്ട്.

ഇത്തരം അക്കൗണ്ടുകളിലുള്ള പണം നിലവിൽ സജീവമായ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്കുകൾ അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നിഷ്ക്രിയ അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ബാങ്കിനും സാധിക്കുമെന്നും ഇത് പ്രവര്‍ത്തന ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here