ബംഗളൂരു: കർണാടക ഹൈകോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനിടെ നുഴഞ്ഞുകയറിയ സാമൂഹിക ദ്രോഹികൾ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചു. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഹൈകോടതിയുടെ യൂ ട്യൂബ് ലൈവ് സ്ട്രീമിങ് നിർത്തിവെച്ചു. ഇതുസംബന്ധിച്ച് ഹൈകോടതി ഭരണവിഭാഗം ബംഗളൂരുവിലെ സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാധാരമായ സംഭവം.
എന്നാൽ, ചൊവ്വാഴ്ച കോടതി നടപടികൾ ആരംഭിക്കെ, വീണ്ടും സമാനശ്രമം നടന്നതോടെ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ് നിർത്തിവെക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പി.ബി. വരാലെ അറിയിക്കുകയായിരുന്നു. തുടർന്ന്, ഹൈകോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ ലൈവ് സ്ട്രീമിങ് നിർത്തിവെച്ചു. തിങ്കളാഴ്ച കോടതി നടപടികൾ പുരോഗമിക്കവെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് ചിലർ വിഡിയോ കോൺഫറൻസിങ് നെറ്റ്‍വർക്ക് ഹാക്ക് ചെയ്ത് സൂം മീറ്റിങ്ങിൽ കടന്നുകൂടുകയായിരുന്നു.
ഈ സമയം ആറോളം കോടതി മുറികളിൽ ഹരജികൾ പരിഗണിക്കുകയും ഇവയുടെ ലൈവ് സ്ട്രീമിങ് നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹാക്ക് ചെയ്തവർ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട ജീവനക്കാർ ലൈവ് സ്ട്രീമിങ് നിർത്തിവെച്ചു. വിഡിയോ കോൺഫറൻസും ലൈവ് സ്ട്രീമിങ്ങും നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് ആരും പരാതിയുമായി ഹൈകോടതി രജിസ്ട്രാറെ സമീപിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരെ അറിയിച്ചു.
സാങ്കേതികവിദ്യയുടെ ഉപയോഗം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിൽ ഹൈകോടതിക്ക് എപ്പോഴും അനുകൂല നിലപാടാണുള്ളതെന്നും എന്നാൽ, ഇപ്പോഴത്തേത് അപ്രഖ്യാപിത സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.