കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ചൊവ്വാഴ്ച രാവിലെയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം പുതിയങ്ങാടിയിലെ മഖ്ബറയിലെത്തിയത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് കാന്തപുരം എപി വിഭാഗം സമസ്തയ്ക്ക് രൂപം നൽകിയത്.
സന്ദർശനത്തെ അഭിനന്ദിച്ച് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ രംഗത്തെത്തി. ‘അതെ, ശംസുൽ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങൾ.’ – എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കാന്തപുരത്തിന്റെ മഖ്ബറ സന്ദർശനത്തിൽ മറ്റു പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
ഷാബാനു കേസിലെ സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ മറ്റു മുസ്‌ലിം വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സമസ്തയുടെ തീരുമാനമാണ് സംഘടനയിലെ പിളർപ്പിന് കാരണം. 1989ൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായി. സമസ്ത എപി വിഭാഗം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. ഇരു സുന്നിവിഭാഗങ്ങൾക്കുമടയിൽ പതിറ്റാണ്ടുകളായി ഐക്യശ്രമങ്ങൾ സജീവമാണ് എങ്കിലും അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല.