മലയാളി പൊളിയാണ്, പണിയെടുക്കാനും പഠിക്കാനുമായി ലോകമാകെ; 195 രാജ്യങ്ങളിൽ 182ലും മലയാളികൾ! കണക്കുമായി നോർക്ക

0
146

തിരുവനന്തപുരം: നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട എന്നൊരു തമാശയുണ്ട്. സംഭവം ചന്ദ്രനിൽ അല്ലെങ്കിലും ഭൂമിയിൽ ഏറെക്കുറ സത്യമാണ്. എവിടെച്ചെന്നാലും അവിടെയൊരു മലയാളി സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന നോർക്കയുടെ രേഖകളിൽ പറയുന്നു. ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്നതാണ് നോർക്ക പറയുന്നത്. ഒരുപക്ഷേ ലോകത്തുതന്നെ ഇത്രയും രാജ്യങ്ങളിൽ പ്രവാസികളായി താമസിക്കുന്ന മറ്റൊരു ജനതയുണ്ടാകില്ല.

ലോകത്ത് 193 രാജ്യങ്ങളാണ് യുഎൻ അം​ഗീകരിച്ചത്. അതിൽ 182 രാജ്യങ്ങളിലും പ്രവാസിയായി മലയാളികളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ പേരും. നോർക്കയുടെ രജിസ്ട്രേഷൻ പ്രകാരം യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത്. 2018 -2022 കാലഘട്ടത്തിലെ ഐഡി രജിസ്ട്രേഷൻ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. വിദ​ഗ്ധ-അവി​ദ​ഗ്ധ തൊഴിലാളികളായി നോർക്കയിൽ 436960 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 180465 പേർ യുഎഇ‌യിലാണ്. സൗദി അറേബ്യയിൽ 98783 പേരും ഖത്തറിൽ 53463 മലയാളികളും ജോലി ചെയ്യുന്നു. യുദ്ധബാധിത രാജ്യങ്ങളിൽ പോലും മലയാളി സാന്നിധ്യമുണ്ട‌ന്നതും ശ്രദ്ധേയം. റഷ്യയിൽ 213 മല‌യാളികൾ പ്രവാസികളായി ജീവിക്കുമ്പോൾ യുക്രൈനിൽ 1227 മലയാളികളാണുള്ളത്. കാനഡയില്‍ 954 മലയാളികളും ജോലി ചെയ്യുന്നു.

ഇസ്രയേലിൽ 1036 മലയാളികളും പലസ്തീനിൽ നാല് മലയാളികളും നോർക്ക രേഖ പ്രകാരമുണ്ട്.  914 മലയാളികൾ അമേരിക്കയിൽ താമസിക്കുന്നു. ചൈനയിൽ 573 മലയാളികളാണ് ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോയിരിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മലയാളികൾ പ്രവാസികളായി ജീവിക്കുന്നില്ല. നല്ല ജോലിയും ഉയർന്ന സാമ്പത്തിക നേട്ടവും സുരക്ഷിതമായ ജീവിതവുമാണ് മലയാളിയെ എക്കാലവും കുടിയേറ്റത്തിനും പ്രവാസത്തിനും പ്രേരിപ്പിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. കുടിയേറുന്നവരിൽ വെറും 10 ശതമാനം മാത്രമാണ് വാർധക്യ കാലത്ത് കേരളത്തിലേക്ക് തിരിച്ചെത്തുന്നതെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here