ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെ മികച്ച ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേഷ് ലാഡ്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മത്സരത്തില്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം രോഹിത്തിനോട് ഒരു ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
മികച്ച ഫോമിലുള്ള ബാറ്റര്‍മാര്‍ നമുക്കുണ്ട്. അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതും. രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്സ് ടീമിനെ ശക്തിപ്പെടുത്തുന്നതാണ്. ന്യൂസിലന്‍ഡിനെതിരെ രോഹിത് സെഞ്ച്വറി നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അദ്ദേഹം നന്നായി തുടങ്ങി രാജ്യത്തിന് വേണ്ടി കളിക്കുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കും- ദിനേഷ് ലാഡ് പറഞ്ഞു.
ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയില്‍ കടന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കിന്റെ ആത്മവിശ്വാസം ന്യൂസിലന്‍ഡിനുണ്ട്.