മൊബൈല്‍ ഫോണില്ലാതിരുന്ന കാലത്ത് ആളുകള്‍ സജീവമായി ഉപയോഗിച്ചിരുന്ന ഒന്നാണ് പോക്കറ്റ് ഡയറികള്‍. മൊബൈല്‍ നമ്പര്‍, കണക്കുകള്‍ തുടങ്ങി പലകാര്യങ്ങളും ആളുകള്‍ പോക്കറ്റ് ഡയറിയില്‍ കുറിക്കുമായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ പോക്കറ്റ് ഡയറികളുടെ ഉപയോഗം കുറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പോക്കറ്റ് ഡയറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ ഒഴിഞ്ഞ പേജുകളില്‍ കണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിയ ഒരു മലയാളി വീട്ടമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
”പുതുക്കാന്‍ കൊണ്ടുവന്ന പാസ്‌പോര്‍ട്ടിന്റെ ഗതി കണ്ടുണ്ടായ ഷോക്കില്‍ നിന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ കരകയറിയിട്ടുണ്ടാകില്ല,” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
“സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഫലം. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടിയാണിത്,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
“ഈ പാസ്പോര്‍ട്ടും കൊണ്ട് ആരെങ്കിലും യാത്ര ചെയ്യുന്നതും ഇമിഗ്രേഷന്‍ ഓഫീസര്‍ ഈ പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതും ഒന്ന് ആലോചിച്ച് നോക്കൂ,” എന്നാണ് മറ്റൊരാളുടെ കമന്റ്.
“ലഭിക്കുന്ന വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമല്ലോ. പരിസ്ഥിതി സംരക്ഷണത്തിനുള്ള നൊബേല്‍ സമ്മാനം ഈ വ്യക്തിയ്ക്ക് തന്നെ കൊടുക്കണം,” എന്നാണ് മറ്റൊരു കമന്റ്.
എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി മറ്റ് ചിലരും രംഗത്തെത്തി. പാസ്‌പോര്‍ട്ടില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് കുറ്റകരമാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.
“പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കഴിയും. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവയുടെ പുതുക്കല്‍ നിഷേധിക്കാം” എന്നും ഒരാള്‍ കമന്റ് ചെയ്തു.
“ഇത്ര അശ്രദ്ധമായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പാടില്ല. ഇതൊരു പ്രധാനപ്പെട്ട രേഖയാണ്. ഈ വ്യക്തിയ്‌ക്കെതിരെ നിയമനപടിയെടുക്കേണ്ടതാണ്,” എന്നാണ് മറ്റൊരാളുടെ കമന്റ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 67000ത്തോളം പേർ കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ കണ്ടു കഴിഞ്ഞു.
The Passport Officer in Kerala hasn't yet recovered from the shock after seeing a person's passport which came for renewal🤣🤣 pic.twitter.com/LH5FmrpvbV
— Nationalist 🇮🇳 (@Nationalist2575) November 2, 2023