ലോകകപ്പിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു പാകിസ്താന്റെ വിജയാഘോഷം. ഇതോടെ പാകിസ്താൻ സെമി ഫൈനലിലേക്ക് മുന്നേറുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ലോകകപ്പിൽ ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാവർക്കും സെമിയിലേക്ക് സാധ്യതകളുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനിപ്പോൾ. ഏഴ് മാച്ചുകളിൽ മൂന്നെണ്ണം ജയിച്ച് ആറ് പോയിന്റാണ് പാകിസ്താനുള്ളത്.രണ്ട് മത്സരങ്ങൾ കൂടി പാകിസ്താന് ബാക്കിയുണ്ട്. സെമിയിലേക്ക് മുന്നേറാൻ പാകിസ്താന് മുന്നിൽ രണ്ട് സാധ്യതകളാണ് ഉള്ളത്.
ഇതിൽ ഒന്നാമത്തേത് മുഴുവൻ മത്സരങ്ങളും ജയിച്ച് ഉയർന്ന നെറ്റ് റൺറേറ്റ് നിലനിർത്തുകയെന്നതാണ്. മുഴുവൻ കളികളും ജയിച്ചാൽ പാകിസ്താന് 10 പോയിന്റാകും. ഉയർന്ന നെറ്റ് റൺറേറ്റിന്റെ കൂടി പിൻബലത്തിൽ പാകിസ്താന് സെമിയിലേക്ക് മുന്നേറാം.
രണ്ടാമത്തെ സാധ്യത ഒരു മത്സരം ജയിച്ച് ഉയർന്ന നെറ്റ്റൺറേറ്റ് നിലനിർത്തുക എന്നതാണ്. ഈ രീതിയിൽ പാകിസ്താൻ മുന്നേറുകയാണെങ്കിൽ സെമിയിൽ കടക്കാൻ അവർക്ക് മറ്റുള്ളവരുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും. ഈ സാധ്യത പ്രകാരം ന്യൂസിലാൻഡും ആസ്ട്രേലിയയും ഇനിയുള്ള മുഴുവൻ മത്സരങ്ങളിലും തോൽക്കണം. അഫ്ഗാനിസ്താൻ മൂന്നിൽ രണ്ട് മത്സരങ്ങളെങ്കിലും തോൽക്കുകയും വേണം. സെമി ഫൈനലിലേക്കുള്ള പാകിസ്താന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുമെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം. ലോകകപ്പ് ടീമുകളിൽ നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇതും ഇന്ത്യക്ക് അനുകൂലമാണ്.