ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു.
പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ തനി ആവർത്തനം. അന്ന് 18 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. അന്നത്തെ തോൽവിയുടെ കണക്ക് ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്ലിയും സംഘവും 49.3 ഓവറിൽ 221 റൺസിന് ഓൾ ഔട്ടായി. എന്നാൽ, ആദ്യ റൗണ്ട് മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. അതുമല്ല കളിച്ച എട്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. ബൗളർമാരും ബാറ്റർമാരുമെല്ലാം മികച്ച ഫോമിലാണ്.