ഹർദ്ദിക്കിനെ സ്വന്തമാക്കാൻ മുംബൈക്ക് വേണ്ടിവന്നത് റെക്കോഡ് തുക! അവസാന നിമിഷം തുണയായത് ആർസിബിയുടെ ഒരൊറ്റ ‘ഡീൽ’

0
193

മുംബൈ: മുംബൈ ഇന്ത്യൻസ് ആരാധകർ ദിവസങ്ങളായി കാത്തിരുന്ന വാർത്തയായിരുന്നു അത്. തങ്ങളുടെ മുൻ താരവും കിടിലൻ ഓൾറൗണ്ടറുമായ ഹർദ്ദിക് പാണ്ഡ്യ പാളയത്തിലേക്ക് മടങ്ങിയെത്തണമെന്നത്. ഏറെ നേരത്തെ അനിശ്ചിതത്വങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഹർദ്ദിക് പാണ്ഡ്യ ഇനി മുംബൈ ജഴ്സിയിലാകും കളിക്കുക. മുംബൈ ആരാധക‍ക്ക് ആഹ്ളാദിക്കാനുള്ള വാർത്തയുടെ കൂടുതൽ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഗുജറാത്തിന്‍റെ നായകനായിരുന്ന ഹ‍ർദിക്കിനെ പാളയത്തിലെത്തിക്കാൻ മുംബൈക്ക് ചിലവഴിക്കേണ്ടിവന്നത് റെക്കോഡ് തുകയാണെന്നാണ് വ്യക്തമാകുന്നത്. ഒരു സീസണിൽ 15 കോടി പ്രതിഫലം നൽകിയാണ് ഹർദിക്കിനെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രേഡ് തുകയ്ക്കാണ് താരം മുംബൈ പാളയത്തിൽ മടങ്ങിയെത്തിയതെന്ന് സാരം. ഈ വമ്പൻ തുകയായിരുന്നു താരക്കൈമാറ്റത്തിൽ ഏറെനേരം മുംബൈയെ അനിശ്ചിതത്വത്തിലാക്കിയത്. എന്നാൽ അവസാനനിമിഷം റോയർ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഒരൊറ്റ ഡീലാണ് മുംബൈക്ക് തുണയായത്.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ഏറ്റെടുക്കാൻ ആർ സി ബി തയ്യാറായതാണ് മുംബൈക്ക് ഗുണമായത്. കാമറൂൺ ഗ്രീനിനെ ബാഗ്ലൂരിന് വിട്ടുകൊടുത്തതിൽ ലഭിച്ച പണമാണ് ഹർദിക്കിനെ സ്വന്തമാക്കാൻ മുംബൈക്ക് സഹായകമായത്. ശേഷം കാര്യങ്ങൾ അതിവേഗത്തിലായിരുന്നു. ഒടുവിൽ ഹർദിക് മുംബൈയിലേക്കാണെന്ന വാർത്തകളും ഐ പി എൽ അധികൃതർ ഔദ്യോഗികമായി പ്രഖ്യിപിക്കുകയായിരുന്നു.

അതേസമയം ഐ പി എൽ താരലേലത്തിന് മുമ്പായി ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നതോടെ ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഇക്കുറി ഐ പി എല്ലിനുണ്ടാകില്ല എന്നും വ്യക്തമായി. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനോട് ചെന്നൈ സൂപ്പർ കിംഗ്സ് സലാം പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതടക്കമുള്ള ബെൻ സ്റ്റോക്സിന്‍റെ ആവശ്യങ്ങൾ ചെന്നൈ മാനേജ്മെന്‍റ് അംഗീകരിക്കുകയായിരുന്നു.

അതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്നും പുറത്തുവരുന്ന വാർത്ത 2 മലയാളി താരങ്ങളെയടക്കം ടീമിൽ നിന്നും ഒഴിവാക്കി എന്നതാണ്. മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാന് വേണ്ടി പാ‍ഡ് കെട്ടില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി. എന്നാൽ നായകനായി സഞ്ജു വി സാസണെ നിലനിർത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here