‘ഇവർ എന്താണ് സംസാരിക്കുന്നത്, ക്രിക്കറ്റിനെക്കുറിച്ച് അറിയുമോ’: വിവാദ പരാമർശവുമായി ഹർഭജൻ സിങ്

0
203

അഹമ്മദാബാദ്: കമന്ററി ബോക്‌സിലിരുന്ന് വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ലോകകപ്പ് ഫൈനലിനിടെ വിരാട് കോഹ്‌ലിയുടെയും ലോകേഷ് രാഹുലിന്റെയും ഭാര്യമാരായ അനുഷ്‌ക ശർമ്മ, ആതിയാ ഷെട്ടി എന്നിവരെ സ്‌ക്രീനിൽ കാണിച്ചപ്പോഴായിരുന്നു ഹർഭജൻ സിങിന്റെ വിവാദ പരാമർശം.

”ഇരുവരുടെയും സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചോ അതോ സിനിമയെക്കുറിച്ചാണോ എന്ന് ഞാൻ ചിന്തിക്കുകയാണ്. കാരണം അവർക്ക് ക്രിക്കറ്റിനെക്കുറിച്ച് എത്രത്തോളം ധാരണയുണ്ട് എന്ന് എനിക്കുറപ്പില്ല”- ഇതായിരുന്നു ഹർഭജന്റെ കമന്ററി.

പിന്നാലെ ഹർഭജൻ സിങിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനത്തു. മറ്റുള്ളവരെ കുറച്ച് കാണുന്ന തരത്തിലുളള ഹർഭജന്റെ പ്രസ്താവന അപമാനകരമാണെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് വീഡിയോ പങ്കുവെച്ച് പലരും എക്‌സിൽ പങ്കുവെക്കുന്നത്.

ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം സ്റ്റേഡിയത്തിൽ അനുഷ്‌ക ശർമ്മയേയും കാണാമായിരുന്നു. അതിയാ ഷെട്ടിയുടെ സാന്നിധ്യം വിരളമാണെങ്കിലും ഫൈനലില്‍ ക്യാമറക്കണ്ണുകള്‍ പല ഘട്ടങ്ങളിലായി ഇവര്‍ക്ക് നേരെ തിരിഞ്ഞിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങളായിരുന്നില്ല നടന്നിരുന്നത്. ഇന്ത്യൻ ആരാധകർക്കൊന്നും സന്തോഷിക്കാൻ വകയും ഉണ്ടായിരുന്നില്ല. അടിച്ചുകളിക്കുന്ന ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ പിടിച്ച് തുടങ്ങിയ ആസ്‌ട്രേലിയ ഇന്ത്യയുടെ പ്രയാണം 240ൽ അവസാനിപ്പിക്കുകയായിരുന്നു. 66 റൺസ് നേടിയ ലോകേഷ് രാഹുലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

രോഹിത് ശർമ്മ(47) വിരാട് കോഹ്ലി(54) എന്നിവരും തിളങ്ങിയിരുന്നുവെങ്കിലും അത് പോരായിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഞെട്ടിച്ചുവെങ്കിലും മാർനസ് ലബുഷെയിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ആസ്‌ട്രേലിയക്ക് ആറാം ലോകകിരീടം നേടിത്തരുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here