ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് അള്‍ട്രാവയലറ്റ് f77 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് ഇരുനൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇറ്റലിയില്‍ നടക്കാന്‍ പോകുന്ന മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കമ്പനി വാഹനത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.
രണ്ട് ബാറ്ററി പായ്ക്കില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന്റെ ഉയര്‍ന്ന വേരിയന്റിന് 36.2 bhp പവറും 85 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. 3.4 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്നും അറുപത് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് ഒറ്റച്ചാര്‍ജില്‍ 307 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്.