ഉഡുപ്പി കൂട്ടക്കൊല: മോശം പെരുമാറ്റത്തെ തുടർന്ന് എയർ ഹോസ്റ്റസ് അകന്നതാണ് കാരണമെന്ന് മൊഴി

0
303

മംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് അകന്നതിലുള്ള പകയാണ് മൽപെ നജാറുവിൽ ഐനാസിനേയും കുടുംബത്തിലെ മൂന്നു പേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് മൊഴി. കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) ചോദ്യം ചെയ്ത വേളയിൽ വെളിപ്പെടുത്തിയതാണിതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ വ്യാഴാഴ്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എയർ ഇന്ത്യ എയർഹോസ്റ്റസ് ഐനാസിനെ(21) മുതിർന്ന സഹപ്രവർത്തകൻ ഭാര്യയും രണ്ട് മക്കളുമുള്ള പ്രവീൺ സഹായിക്കാറുണ്ടായിരുന്നു. എട്ട് മാസത്തോളം തുടർന്ന സൗഹൃദത്തിനിടെ പ്രതിയുടെ ഇരുചക്ര വാഹനം ഉപയോഗിക്കാൻ നൽകിയിരുന്നു.

ഇതിനിടെ, പെരുമാറ്റത്തിൽ മോശം സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് കൂട്ടക്കൊല നടന്നതിന്റെ മാസം മുമ്പ് പ്രവീണുമായുള്ള സംസാരം പോലും നിറുത്തി. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.ആദ്യം ഐനാസിനേയും തുടർന്ന് മറ്റു മൂന്നു പേരേയും ഒരേ കത്തികൊണ്ട് കൊലപ്പെടുത്തി. ലഹരി വസ്തു ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന മൊഴി രാസപരിശോധന റിപ്പോർട്ട് വന്ന ശേഷം സ്ഥിരീകരിക്കും.

മഹാരാഷ്ട്ര പുനെ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പ്രതി 2007ലാണ് മെച്ചപ്പെട്ട വേതനത്തിൽ എയർ ഇന്ത്യയിൽ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ചത്.പ്രതിമാസം 70,000 രൂപ സമ്പാദ്യമുള്ളതായാണ് ബാങ്ക് അക്കൗണ്ട് നൽകുന്ന സൂചന. പ്രതിക്കെതിരെ കേസുകൾ ഇല്ല. എന്നാൽ സമർഥനായ കുറ്റവാളിയെപ്പോലെയായിരുന്നു ഓരോ നീക്കവും. മംഗളൂരുവിൽ നിന്ന് കാറിൽ ഉഡുപ്പിയിലേക്ക് സഞ്ചരിച്ച പ്രതി വാഹനം ടോൾ ബൂത്ത് പരിസരത്ത് നിറുത്തിയിട്ടാണ് യാത്ര തുടർന്നത്. സിസിടിവി ക്യാമറയിൽ തന്റെ കാർ പതിയാതിരിക്കാനായിരുന്നു ഇത്.

കൃത്യം ചെയ്ത ശേഷം വിവിധ വാഹനങ്ങൾ കയറിയാണ് മുൽകിയിൽ ഇറങ്ങിയത്. മംഗളൂരുവിൽ താമസസ്ഥലത്ത് എത്തി കത്തി അടുക്കളയിൽ ഒളിപ്പിച്ചു. കൂട്ടക്കൊലക്കിടെ കൈവിരലിൽ മുറിവ് പറ്റിയിരുന്നു. അതെങ്ങിനെയെന്ന് ഭാര്യയോട് മറ്റൊരു ഉപായം പറഞ്ഞു.

മുറിവിന് ചികിത്സ തേടിയ ശേഷം ഭാര്യയുമൊത്ത് ബെലഗാവി കുഡുച്ചിയിലേക്ക് പോയി. അവിടെ സംരക്ഷണം നൽകിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ബോധപൂർവമെങ്കിൽ പ്രതിചേർക്കും. അക്രമത്തിന് ഇരയായ കുടുംബം വളരെ നല്ല രീതിയിലുള്ള സഹകരണമാണ് അന്വേഷണ സംഘത്തിന് നൽകുന്നത്. കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ കൈമാറിയത് കൂടാതെ പൊലീസിന് ആവശ്യമായ വിവരങ്ങൾ പെട്ടെന്ന് ലഭ്യമാക്കി. സ്പെഷ്യൽ പ്രൊസിക്യൂട്ടർ, ഫാസ്റ്റ് ട്രാക്ക് കോടതി എന്നീ ആവശ്യങ്ങൾ കുടുംബം ഉന്നയിച്ചിട്ടുണ്ട്. രണ്ടും അനുവദിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.പി പറഞ്ഞു. അന്വേഷണ സംഘത്തിന് ഒന്നര ലക്ഷം രൂപയുടെ റിവാഡ് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഈ മാസം 12നാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here