ന്യൂഡല്‍ഹി: വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുകയില്‍ 80 ശതമാനവും വീണ്ടെടുത്തതായി പ്രമുഖ പൊതുമേഖല ബാങ്കായ യൂകോ ബാങ്ക്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് തുക തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട സാഹചര്യമുണ്ടായത്. ഇത്തരത്തില്‍ കൈമാറിയ 820 കോടിയില്‍ 649 കോടി രൂപയും തിരിച്ചുപിടിച്ചതായാണ് യൂകോ ബാങ്ക് അറിയിച്ചത്.
പണം ലഭിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത് അടക്കമുള്ള നടപടികളിലൂടെയാണ് 79 ശതമാനം തുകയും വീണ്ടെടുത്തത്. എന്നാല്‍ ഇത്തരത്തില്‍ തുക തെറ്റായി കൈമാറാന്‍ കാരണം സാങ്കേതിക തകരാര്‍ മൂലമാണോ അതോ ഹാക്കിങ് സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ബാങ്ക് തയ്യാറായിട്ടില്ല.
ശേഷിക്കുന്ന 171 കോടി രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിച്ചതായും ബാങ്ക് അറിയിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമ സംവിധാനങ്ങളെ വിവരം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരിയില്‍ ഇന്ന് ഇടിവ് നേരിട്ടു. 1.1 ശതമാനം ഇടിവോടെ 39.39 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നത്.