അങ്കാറ: പാർലമെന്റ് അങ്കണത്തിലെ റെസ്റ്റോറന്റുകളില്‍ കൊക്കക്കോളയും നെസ്‍ലേയുടെ ഉത്പന്നങ്ങളും വിലക്കി തുർക്കി ഭരണകൂടം. ഫലസ്തീനിലെ കൂട്ടക്കുരുതികളിൽ ഈ കമ്പനികള്‍ ഇസ്രായേലിനെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് നടപടി.
”ഇസ്രായേലിനെ പിന്തുണക്കുന്ന ഒരു കമ്പനിയുടേയും ഉത്പന്നങ്ങൾ പാർലമെന്റ് അങ്കണത്തിലെ റസ്‌റ്റോറന്‍റുകളിലോ, കഫ്റ്റീരിയകളിലോ, ടീ ഹൗസുകളിലോ വിൽക്കാൻ അനുവദിക്കില്ല”- തുർക്കിഷ് പാർലമെന്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
സ്പീക്കർ നുഅ്മാൻ കുർത്തുൽമുസാണ് തീരുമാനം അറിയിച്ചത്. ഔദ്യോഗിക പ്രസ്താവനയിൽ കമ്പനികളുടെ പേരുകൾ സൂചിപ്പിച്ചിട്ടില്ല. എന്നാൽ പൊതു ആവശ്യം മാനിച്ച് കൊക്കക്കോളയും നെസ്‍ലേ ഉത്പന്നങ്ങളുമാണ് വിലക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിന് വിസമ്മതിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് തുർക്കി കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നിന്ന് അംബാസിഡറെ തിരികെവിളിച്ചിരുന്നു. സിവിലിയൻമാർക്കെതിരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും, വെടിനിർത്തലിനുള്ള ആഹ്വാനം നിരസിച്ചതുമാണ് അംബാസിഡര്‍ സാക്കിർ ഒസ്‌കാനെ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നെതന്യാഹുവുമായി ഇനി ഒരുവിധ ചർച്ചയുമില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
മധേഷ്യയില്‍ സമാധാനം കൊണ്ടുവരുന്ന ഫോർമുലകളെ മാത്രമേ പിന്തുണയ്ക്കൂ. ചരിത്രത്തിൽ നിന്ന് ഫലസ്തീനികളെ ക്രമേണ തുടച്ചുനീക്കുന്ന പദ്ധതികളെ തുര്‍ക്കി ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഉര്‍ദുഖാന്‍ പറഞ്ഞു. യുദ്ധ ശേഷം ഗസ്സയെ സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമാകണമെന്ന് ഉര്‍ദുഖാന്‍ ആവശ്യപ്പെട്ടു.
ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന പോരാളികളുടെ സംഘമാണെന്നും ഉർദുഗാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നതെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങൾക്ക് ഇസ്രായേലിൽ ഒരു പദ്ധതിയുണ്ടായിരുന്നു. അത് ഇപ്പോള്‍ റദ്ദാക്കി. കുട്ടികൾക്ക് മുകളിൽ ബോംബ് വർഷിച്ച് ഒന്നും നേടാനാകില്ല. നിങ്ങൾക്ക് പിന്നിൽ യുഎസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്‌നമല്ല. ഞങ്ങൾക്ക് ഇസ്രായേലിനോട് കടപ്പാടില്ല. പടിഞ്ഞാറിന് അതുണ്ടാകും.’ – ഉർദുഗാൻ പറഞ്ഞു. മനുഷ്യവംശത്തിന് എതിരെയുള്ള കുറ്റകൃത്യമാണ് ഇസ്രായേൽ ചെയ്യുന്നതെന്നാണ് തുര്‍ക്കി വിദേശ കാര്യമന്ത്രി ഹകാൻ ഫിദാന്‍ പ്രതികരിച്ചത്.