മോശം അനുഭവം പങ്കുവച്ച് മുഹമ്മദ് ഷമി; ‘രണ്ട് തവണ ശ്രമിച്ചു, യുപി ടീമില്‍ നിന്ന് അവരെന്നെ പുറത്താക്കി

0
114

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേത്. 24 വിക്കറ്റ് നേടിയ ഷമി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ ഒന്നാമനായിരുന്നു. അതും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഷമി ഏഴ് വിക്കറ്റെടുത്തത്. എന്നാല്‍ ഷമി ഇന്ത്യന്‍ ടീമിലെത്തുന്നത് അല്‍പ്പം കഷ്ടപ്പെട്ടിട്ടാണ്. സ്വന്തം നാട്ടില്‍ തന്നെ ഷമിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി.

ഉത്തര്‍ പ്രദേശില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴുള്ള സംഭവങ്ങളാണ് ഷമി വിവരിക്കുന്നത്. ”യുപി രഞ്ജി ട്രോഫി ടീമിന് വേണ്ടി കളിക്കുന്നതിന് രണ്ട് വര്‍ഷം ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ഞാന്‍ നന്നായി കളിക്കുമായിരുന്നു, പക്ഷേ അവസാന റൗണ്ട് വന്നപ്പോള്‍ അവര്‍ എന്നെ പുറത്താക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന ആദ്യ ട്രയല്‍സില്‍ 1600 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഇതിനിടെ എന്റെ സഹോദരന്‍ ട്രയ്ല്‍സ് സംഘടിപ്പിച്ച തലവനോട് സംസാരിച്ചിരുന്നു. പരിഹസിക്കുന്ന രീതിയിലായിരുന്നു അയാളുടെ മറുപടി. വേണ്ടത്ര ശാരീരിക ബലമില്ലെന്നുള്ള രീതിയിലാണ് അയാള്‍ കളിയാക്കിയത്. അടുത്ത വര്‍ഷവും അതുതന്നെ സംഭവിച്ചു.” ഷമി വ്യക്തമാക്കി.

ഇതിനെ തുടര്‍ന്നാണ് ഷമി പശ്ചിമ ബംഗാളിലേക്ക് പോകുന്നത്. ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം വൈകാതെ ഇന്ത്യന്‍ ടീമിലേക്കുമെത്തി. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ യുപിയില്‍ ഷമിയുടെ ജന്മനാട്ടില്‍ സ്റ്റേഡിയം പണിയാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത് വാര്‍ത്തായായിരുന്നു. സ്‌റ്റേഡിയത്തിനൊപ്പം ജിമ്മും പണി കഴിപ്പിക്കും. സഹസ്പൂര്‍, അലിനഗറിലാണ് സ്റ്റേഡിയം പണി കഴിപ്പിക്കുക. ആര്‍എല്‍ഡി രാജ്യസഭാ എംപി ജയന്ത് സിംഗും സ്റ്റേഡിയം പണിയാന്‍ സഹായവാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ ഷമി കളിച്ചിരുന്നില്ല. പിന്നീട് മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഷമിക്കായി.

 

LEAVE A REPLY

Please enter your comment!
Please enter your name here