‘കരയാക്രമണത്തിൽ കനത്ത നാശം നേരിട്ടു’; സമ്മതിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി

0
176

തെൽ അവീവ്: ഗസ്സയിലെ കരയാക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രയേലിലെ പാൽമാചിൻ എയർബേസിൽ കഴിഞ്ഞ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

വടക്കൻ ഗസ്സ മുനമ്പിലെ ഓപറേഷനിൽ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗസ്സ മുമ്പിൽ വ്യാഴാഴ്ച കൊല്ലപ്പെട്ട നാലു പേരുടെ വിവരങ്ങൾ സൈന്യം പ്രസിദ്ധീകരിച്ചു. ആംഡ് ബ്രിഗേഡ് 460ന്റെ കമാൻഡർ ക്യാപ്റ്റൻ ബെനി വെയിസ്, ഉറിയ മാഷ്, യഹോനാതൻ യൂസെഫ് ബ്രാൻഡ്, ടാങ്ക് ഡ്രൈവർ ഗിൽ ഫിഷിറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഡിഫൻസ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. വടക്കൻ ഗസ്സയിലെ ഹൃദയഭാഗത്താണ് ഇപ്പോൾ സേനയുള്ളത്. ഗസ്സ നഗരം സൈന്യം വളഞ്ഞിട്ടുണ്ട്.- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഒരുപാട് ഘട്ടങ്ങളുള്ള യുദ്ധമാണിത്. ഈ യുദ്ധം കരയാക്രമണം ആവശ്യപ്പെടുന്നുണ്ട്. ഗസ്സയിലെ ഓപറേഷനിൽ ഏറ്റവും മികച്ച സൈനികരാണ് പങ്കെടുക്കുന്നത്. ഹമാസിനെ ഇല്ലാതാക്കി ഞങ്ങളുടെ അതിർത്തി സംരക്ഷിക്കണം. ബന്ദികളെ തിരിച്ചുകൊണ്ടു വരണം. ഗസ്സയിലെ സാഹചര്യങ്ങൾക്ക് ഉത്തരവാദികൾ ഹമാസാണ്. അവരുടെ ക്രിമിനൽ പ്രവർത്തനങ്ങളാണ്. ഹിസ്ബുല്ലയുടെ ഭീഷണി അടക്കം ഏതു സാഹചര്യവും നേരിടാൻ ഞങ്ങൾ സജ്ജരാണ്. ഏതു വിജയത്തിനും വില കൊടുക്കേണ്ടി വരുമെന്ന് ഞങ്ങൾക്കറിയാം.’ – ഹെർസി ഹലേവി വ്യക്തമാക്കി.

സംഘർഷങ്ങൾക്കിടെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി. ഇസ്രായേലിന്റെ സൈനിക നടപടിക്ക് പിന്തുണ നൽകുന്ന നിലപാടാണ് ഇപ്പോഴും യുഎസിന്റേത്. സിവിലിയന്മാരെ ഒഴിവാക്കി ആക്രമണം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ ഗസ്സയിൽ കൊല്ലപ്പെട്ട പകുതി പേരും കുട്ടികളും സ്ത്രീകളുമാണ്.

ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒക്ടോബർ ഏഴു മുതലാണ് ഗസ്സയിൽ സേന ആക്രമണം ആരംഭിച്ചത്. ഗസ്സയിൽ ഇതുവരെ ഒമ്പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here