ആരാണ് കൂടുതല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയെന്ന പരീക്ഷണം; എഎസ്പിയുടെ മകന് ദാരുണാന്ത്യം

0
158

ഉത്തര്‍പ്രദേശ്: ലക്‌നൗവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലക്‌നൗവിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്ത് വയസുകാരനായ മകനാണ് സ്‌കേറ്റിംഗ് പരിശീലനത്തിനിടെ പാഞ്ഞെത്തിയ കാറിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിശീലകനൊപ്പം സ്‌കേറ്റിംഗ് ചെയ്യുകയായിരുന്ന പത്ത് വയസുകാരനെ അമിത വേഗതയിലെത്തിയ എസ് യു വി ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നൈമിഷ് കൃഷ്ണ എന്ന പത്ത് വയസുകാരനാണ് സ്‌കേറ്റിംഗ് പരിശീലനത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ് തിരിച്ചറിഞ്ഞു. ഒന്നാം വര്‍ഷ നിയമ ബിരുദ വിദ്യാര്‍ത്ഥിയും. 20കാരനുമായ സാര്‍ത്ഥക് സിംഗ്, മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ ദേവ്ശ്രീ വര്‍മ്മ എന്നിവരാണ് പിടിയിലായത്. ബന്ധുവിന്റെ വാഹനത്തിലായിരുന്നു യുവാക്കളുടെ പരാക്രമം. ആരാണ് കൂടുതല്‍ വേഗത്തില്‍ ഓടിക്കുകയെന്ന കാര്യത്തില്‍ ഇരുവരും മാറി മാറി എസ് യു വി ഓടിച്ച് നോക്കിയതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടാക്കുന്ന സമയത്ത് 120 കിലോമീറ്റര്‍ സ്പീഡിലായിരുന്നു എസ് യു വി സഞ്ചരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം പത്ത് വയസുകാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലേണിംഗ് ലൈസന്‍സ് മാത്രം കൈവശമുള്ള സമയത്താണ് ഇത്രയും അശ്രദ്ധമായ രീതിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വാഹനമോടിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. 2007 ബാച്ച് ഉദ്യോഗസ്ഥയാണ് ശ്വേത ശ്രീവാസ്തവ. നിലവിശ് സ്‌പെഷ്യല്‍ അന്വേഷണ സംഗത്തിലെ അംഗമാണ് ഇവര്‍. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു 10 വയസുകാനായ നൈമിഷ്. രാവിലെ 5.30ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here