അഹമ്മദാബാദ്: കാണികളുടെ എണ്ണത്തില്‍ ചരിത്രമെഴുതി ഇന്ത്യ വേദിയായ ലോകകപ്പ്. പന്ത്രണ്ടര ലക്ഷം പേരാണ് ലോകകപ്പ് കാണാനെത്തിയത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ആതിഥേയത്വം വഹിച്ച ലോകകപ്പ്. ക്രിക്കറ്റിനെ മതമായി കാണുന്ന ജനത, ദി ഗ്രേറ്റ് ഇന്ത്യന്‍ കാര്‍ണിവലാക്കി മാറ്റി ടൂര്‍ണമെന്റ്. പത്ത് വേദികളിലായി ഫൈനലുള്‍പ്പടെ ആകെ നടന്നത് 48 മത്സരങ്ങള്‍. ആവേശപ്പോരോട്ടങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷികളായത് 12,50,307 പേര്‍.
ഐസിസി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ട് കണ്ട ഇവന്റ്. പിന്നിലാക്കിയത് ഓസ്‌ട്രേലിയയും ന്യുസീലന്‍ഡും സംയുക്തമായി നടത്തിയ 2015 ലോകകപ്പിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ്. 10,16,420 പേരാണ് അന്ന് ലോകകപ്പ് കാണാനെത്തിയത്. ഇംഗ്ലണ്ടില്‍ വച്ച് നടന്ന 2019 ലോകപ്പില്‍ കാണികളുടെ എണ്ണം 7,52,000മായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ലോകകപ്പ് ഫൈനല്‍ ഇത്തവണത്തേതായിരുന്നില്ല.
ആകെ റെക്കൊര്‍ഡ് 2015ലെ ഓസ്‌ട്രേലിയ – ന്യുസീലന്‍ഡ് മത്സരത്തിനാണ്. 93013 പേരാണ് മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ കണ്ടത്. എന്നാല്‍ ലോകകപ്പെത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഇന്ത്യ ഓസീസ് ഫൈനല്‍ കണ്ടത് 92,453 പേര്‍. 1.35 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് അഹമ്മദാബാദ് സ്റ്റേഡിയം.
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യ നാളെ ഇറങ്ങുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കാണ് ഇന്ത്യ നാളെയിറങ്ങുന്നത്. ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയുമാണ് ഫൈനലിലെ തോല്‍വിക്ക് കണക്ക് ചോദിക്കാന്‍ ഇന്ത്യയിറങ്ങുക. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങള്‍. അവസാന രണ്ട് മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യരുമെത്തും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, അര്‍ഷദീപ് സിംഗ്, ജിതേഷ് ശര്‍മ്മ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്.