ലക്ഷ്യം കൂട്ടക്കുരുതി ; ദിവസം 370 മരണം; 
മണിക്കൂറിൽ 42 ബോംബ്‌

0
141

ഗാസയിൽ ഒരിടവും സുരക്ഷിതമല്ലാതെയാക്കി ഇസ്രയേൽ നടത്തുന്നത്‌ ആസൂത്രിതമായ അരുംകൊല. ഗാസയിൽ വിവിധ മേഖലകളിൽ ആക്രമണം ഉണ്ടാകുമെന്നും ജനങ്ങൾ പ്രത്യേക കേന്ദ്രങ്ങളിലേക്ക്‌ മാറണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെടും. പിന്നീട്‌ ആ കേന്ദ്രങ്ങളിലേക്ക്‌ ബോംബ്‌, റോക്കറ്റ്‌ ആക്രമണങ്ങൾ നടത്തി കൂട്ടക്കുരുതി ഉറപ്പാക്കുന്നെന്ന്‌ തെളിയിക്കുന്ന റിപ്പോർട്ടുകൾ ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

ഒക്ടോബർ പത്തിനാണ്‌ വടക്ക്‌ റിമാലിലും തെക്ക്‌ ഖാൻ യൂനിസിലും 200 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്‌. ഖാൻ യൂനിസിലെ സിറ്റി സെന്ററിലെ കെട്ടിടങ്ങൾ നിലംപൊത്തി. ഗ്രാൻഡ്‌ മോസ്കും തകർത്തു. അബ്‌സാൻ അൽ കബിറ, അബ്‌സാൻ അൽ അഗിറ മേഖലകളിലെ ജനങ്ങളോട്‌ സിറ്റി സെന്ററിലേക്ക്‌ മാറണമെന്ന്‌  ആവശ്യപ്പെട്ട്‌ രണ്ടുദിവസത്തിനുശേഷമായിരുന്നു ആക്രമണം. ഇവിടേക്ക്‌ മാറാനുള്ള റൂട്ട്‌ മാപ്പും സൈന്യം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

തെക്കൻ ഗാസയിലെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും അവിടെയുള്ളവർ റാഫയിലേക്ക്‌ മാറണമെന്നും ഇസ്രയേൽ സൈന്യം ഒക്ടോബർ എട്ടിന്‌ ആവശ്യപ്പെട്ടു. പതിനൊന്നിന്‌ റാഫയിലെ നെജ്‌മേ ചത്വരം ആക്രമിച്ച്‌ തകർത്തു. എട്ടുദിവസത്തിനുശേഷം, 19ന്‌ ഖാൻ യൂനിസിലെ ഗമാൽ അബ്‌ദേൽ നാസർ സ്‌ട്രീറ്റിലേക്ക്‌ ആക്രമണം ഉണ്ടായി. പതിനാറിന്‌ സൈന്യം ‘സുരക്ഷ പ്രധാനമെങ്കിൽ ഇവിടേക്ക്‌ മാറണ’മെന്ന്‌ ജീവനുവേണ്ടി പരക്കംപായുന്ന ഗാസനിവാസികളോട്‌ ആവശ്യപ്പെട്ടിരുന്നു. മധ്യ ഗാസയിലെ അൽ ബുറൈജ്‌, നുസൈറത്‌ അഭയാർഥി ക്യാമ്പുകളിലേക്ക്‌ ഒക്ടോബർ 17, 18, 25 എന്നീ ദിവസങ്ങളിൽ റോക്കറ്റ്‌ ആക്രമണം നടത്തി.

എട്ടിന്‌ കിഴക്കൻ, തെക്കൻ മഗാസിയിലെ ജനങ്ങൾ മധ്യഗാസയിലെ ക്യാമ്പുകളിലേക്ക്‌ മാറണമെന്ന്‌ സൈന്യം ആവശ്യപ്പെട്ടിരുന്നു. ആക്രമണം തുടർന്നാൽ, ഗാസ ഇസ്രയേൽ സൈനികർക്ക്‌ ചാവുനിലമായി മാറുമെന്ന്‌ ഹമാസ്‌ മുന്നറിയിപ്പ്‌ നൽകി.

ദിവസം 370 മരണം; 
മണിക്കൂറിൽ 42 ബോംബ്‌
ഗാസയിൽ പ്രതിദിനം ശരാശരി 370 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നതായാണ്‌ കണക്ക്‌. ഓരോ മണിക്കൂറിലും ആറ്‌ കുട്ടികളടക്കം 15 പേർ കൊല്ലപ്പെടുന്നു. 42 ബോംബ്‌ ആക്രമണങ്ങൾ ഉണ്ടാകുന്നു. 12 കെട്ടിടങ്ങൾ നിലംപൊത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here