കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും അതിൽ നിന്ന് തടയാൻ സാധിക്കില്ലെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക് സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊൽക്കത്തയിൽ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ, ആധാർ കാർഡുകൾ നിയമവിരുദ്ധമായി വിതരണം ചെയ്യുകയാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി ആരോപിച്ചു. ”പശ്ചിമബംഗാളിൽ വലിയ തോതിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. അതിനാൽ അവിടെ എന്തെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടക്കുന്നുണ്ടോ? അതുകൊണ്ടാണ് മമത ബാനർജി സി.എ.എ എതിർക്കുന്നത്. സി.എ.എ രാജ്യത്തെ നിയമമാണ്. ആർക്കും അത് തടയാനാകില്ല. ഞങ്ങളത് നടപ്പാക്കും.”-അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുമായി ചേർന്ന് മമത ബാനർജിയുടെ സർക്കാർ ബംഗാൾ സംസ്ഥാനത്തെ നശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും കുടുതൽ നടക്കുന്നത് ബംഗാളിലാണ്.