വിവാഹം കഴിഞ്ഞ്, വലതുകാൽവച്ച് ഭർത്താവിന്റെ വീട്ടിൽ കയറിയതിന് ശേഷം നടക്കുന്ന ദുരന്തങ്ങളുടെയും ഉയർച്ചകളുടെയുമൊക്കെ “ക്രെഡിറ്റ്” ഭാര്യമാർക്ക് നൽകുന്ന നിരവധിയാളുകളുണ്ട്. വിവാഹത്തോടെ അവന് വച്ചടി വച്ചടി കയറ്റമാണെന്ന് പറയാറുണ്ട്.
അത്തരത്തിൽ ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ലോകകപ്പിൽ ഓസിസിന്റെ വിജയവും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. തുടർച്ചയായി 10 മത്സരങ്ങളിൽ സർവാധിപത്യം പുലർത്തിയ രോഹിത് ശർമ്മയും സംഘവും ആറ് വിക്കറ്റിനാണ് ഫൈനലിൽ മുട്ടുകുത്തിയത്. ഇതോടെയാണ് ക്രിക്കറ്റ് ലോകത്തേക്ക് പുതിയൊരു അന്ധവിശ്വാസം കൂടി കടന്നുവരുന്നത്.
ലോകകപ്പിന് ഒരു വർഷം മുമ്പ് വിവാഹിതരായ ക്യാപ്റ്റന്മാർ നയിക്കുന്ന ടീം വിജയിക്കുമെന്നതാണ് പുതിയ വിശ്വാസം. റിക്കി പോണ്ടിംഗ്, ധോണി, ഇയാൻ മോർഗൻ, പാറ്റ് കമിൻസ് വരെയുള്ളവരുടെ ലോകകപ്പ് വിജയങ്ങൾ ഇതിനുദാഹരണമാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
റിക്കി പോണ്ടിംഗ് – റിയാന ജെന്നിഫർ കാൻഡർ
ഇത്തരത്തിലൊരു വിശ്വാസത്തിന് തുടക്കം കുറിച്ചത് മുൻ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആണ്. 2002 ജൂൺ രണ്ടിനാണ് റിക്കി പോണ്ടിംഗ് വിവാഹിതനായത്. റിയാന ജെനിഫർ കാൻഡർ ആണ് അദ്ദേഹത്തിന്റെ ഭാര്യ. തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിൽ ആസ്‌ട്രേലിയ വിജയിച്ചു.
ധോണി -സാക്ഷി
2010 ജൂലായ് നാലിനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും സാക്ഷിയും വിവാഹിതരായത്. തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിജയിച്ചു.
ധോണിയുടെ ജീവിതം പ്രമേയമാക്കി ‘ എം എസ് ധോണി ദി ആൺടോൾഡ് സ്‌റ്റോറി’ എന്ന പേരിൽ നീരജ് പാണ്ഡേ സിനിമയിറക്കിയിട്ടുണ്ട്. ഇതിൽ ധോണിയുടെ രണ്ട് പ്രണയങ്ങളെക്കുറിച്ച് പറയുന്നുണ്ട്.ചിത്രത്തിൽ സുശാന്ത് സിംഗ് രജ്‌പുത്താണ് ധോണിയുടെ വേഷം അവതരിപ്പിച്ചത്.കിയാര അഡ്വാനിയാണ് സാക്ഷിയുടെ വേഷത്തിലെത്തിയത്.
ബോളിവുഡ് ചിത്രങ്ങളോട് സാമ്യമുള്ളതായിരുന്നു ധോണിയുടെ പ്രണയങ്ങൾ. ആദ്യ സീരിസിൽ മാറ്റുരക്കാൻ സാധിക്കാതെ പോയതിന്റെ നിരാശയിലിരിക്കുമ്പോൾ, വിമാനത്തിൽവച്ചാണ് ഡൽഹിക്കാരിയായ പ്രിയങ്കയെ കണ്ടുമുട്ടിയത്. ധോണി ആരാണെന്ന് ആദ്യം ഇവർക്ക് മനസിലായില്ല. 2002ൽ ആരംഭിച്ച പ്രണയത്തിന്റെ അവസാനം ദുരന്തമായിരുന്നു. പ്രിയങ്ക ഒരു കാറപകടത്തിൽ മരിച്ചു.
കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് കൊൽക്കത്തയിലെ ഹോട്ടലിൽ വച്ച് സാക്ഷിയെ കാണുന്നത്. റിസപ്ഷനിസ്റ്റായ സാക്ഷിയ്ക്ക് ആദ്യം മനസിലായില്ല. പിന്നീട് സഹപ്രവർത്തകർ പറഞ്ഞാണ് ആളെ തിരിച്ചറിയുന്നത്. ധോണി – സാക്ഷി ദമ്പതികൾക്ക് ഒരു മകളുണ്ട്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അസിൻ, റായ് ലക്ഷ്മി എന്നിവരുടെ പേരുകളും ധോണിക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
ഇയാൻ മോർഗൻ -താരറിഡ്ഗ്ഡവേ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇയാൻ മോർഗൻ 2018 നവംബറിലാണ് താരറിഡ്ഗ്ഡവേയെ വിവാഹം ചെയ്തത്. 2019ൽ ഐ സി സി ക്രിക്കറ്റ് ലോകകപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിനായിരുന്നു വിജയം.
പാറ്റ് കമ്മിൻസ് – ബെക്കി ബോസ്റ്റൺ വിവാഹം
2022 ജൂലായ് 29നാണ് പാറ്റ് കമ്മിൻസും ബെക്കി ബോസ്റ്റണും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
2013 ലാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. 2020ൽ വിവാഹ നിശ്ചയം നടന്നു. 2021 ഒക്‌ടോബറിൽ ഇരുവർക്കും ഒരാൺകുട്ടി ജനിച്ചു. 2023 നവംബർ പത്തൊമ്പതിന് പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പിൽ ചാമ്പ്യന്മാരായി.
ക്രിക്കറ്റിലെ അന്ധവിശ്വാസം
മറ്റെല്ലാം മേഖലയിലും എന്നതുപോലെ തന്നെ ക്രിക്കറ്റ് ഫീൽഡിലും നിരവധി അന്ധവിശ്വാസങ്ങൾ ഉണ്ട്. ചില ദിവസങ്ങൾ, സാധനങ്ങൾ എന്നിവയൊക്കെ തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് വിശ്വാസിക്കുന്ന താരങ്ങളുണ്ട്. സച്ചിൻ തെൻഡുൽക്കർ ക്രീസിലേക്ക് പോകുന്നതിന് മുമ്പ് ഇടത് കാലിലെ പാഡ് ആയിരുന്നു ആദ്യം ധരിച്ചിരുന്നത്.
ഇന്ത്യയിലെ ഏക്കാലത്തെയും മികച്ച നായകനായ ധോണിക്കും അത്തരത്തിലുള്ള ചില വിശ്വാസങ്ങൾ ഉണ്ടായിരുന്നു. ലോകകപ്പ് ജയിക്കാനായി 2011ലെ ടൂർണമെന്റിലുടനീളം ധോണി കിച്ചടി മാത്രമാണ് കഴിച്ചതെന്ന് ഒരിക്കൽ വീരേന്ദ്ര സേവാഗ് വെളിപ്പെടുത്തിയിരുന്നു.