യുവാക്കളിലെ പെട്ടന്നുള്ള മരണം, പിന്നിൽ കോവിഡ് വാക്‌സിനല്ലെന്ന് പഠനം; മരണ സാധ്യത വർധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങൾ

0
229

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആ‍ർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.

2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ ​ഗവേഷണത്തിന്റെ റിപ്പോർട്ടാണിത്. രാജ്യത്തുടനീളമുള്ള 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു ​ഗവേഷണം. 18 മുതൽ 45 വരെ പ്രായമുള്ള 729 ആളുകളുടെ ആകസ്മിക മരണങ്ങളുടെ കാരണമാണ് അന്വേഷിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ ഒരു ഡോസ് മാത്രമെടുത്തവരുടെ ഫലം കുറയുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

യുവജനങ്ങൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന്റെ നിരക്ക് കൂടുന്നതിന് കാരണം കോവിഡ് വാക്സീനാണെന്നുള്ള പ്രചാരണത്തിനിടെയാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങളാണെന്ന് പഠനത്തിൽ കണ്ടെത്തി. കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പെട്ടെന്നുള്ള മരണം സംഭവിച്ചവരുടെ കുടുംബ പാരമ്പര്യം, 48 മണിക്കൂറിനുള്ളിലുള്ള അമിത മദ്യപാനം, ലഹരി ഉപയോ​ഗം എന്നിവയെല്ലാമാണ് കാരണങ്ങളായി പറയുന്നത്. ഈ മാസമാദ്യം പൂർത്തിയായ പഠനത്തിന്റെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഐസിഎംആർ പഠനത്തിന്റെ കണ്ടെത്തലുകൾ നേരത്തെ തന്നെ വിവരിച്ചിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവർ അമിതമായി കഠിനാധ്വാനം ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here