ആശുപത്രികള്‍ക്ക് വരെ ബാധകം; സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം

0
99

തൃശൂര്‍: ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി പുറപ്പെടുവിച്ചു. ഇന്ധന ബങ്കുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്. ദേശീയ പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തില്‍ ദേശീയ പാതയിലേക്ക് സര്‍വ്വീസ് റോഡില്‍ നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് നിര്‍മ്മിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.

ദേശീയ പാതയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നത് ദേശീയപാത പ്രഖ്യാപന ശേഷം അതെ രീതിയില്‍ തുടരാന്‍ അനുവദിക്കില്ല. മീഡിയനുള്ള നാലുവരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ദേശീയ പാതയിലെ വാഹന ഗതാഗതത്തിന്റെ ഒഴുക്കിന് തടസ്സം വരാത്തവിധത്തിലായിരിക്കണം. ഇതിന് നിശ്ചിത വഴികള്‍ മാത്രമായി പരിമിതപ്പെടുത്തും.  വഴിയോരകച്ചവടത്തിലൂടെ ഉണ്ടാകുന്ന ദേശീയപാതയിലെ കൈയ്യേറ്റമാണ് അപകടമേഖലകള്‍ ഉണ്ടാകുന്നതില്‍ പ്രധാന ഘടകം. ഇത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അപകടമേഖലയാകാന്‍ സാധ്യതയുള്ള സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല.

ഉപറോഡുകള്‍ വരുന്നതും വലിയ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും അടിപ്പാതയോ മേല്‍പ്പാലമോ നിര്‍മ്മിക്കണം. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്ധന ബങ്ക്, വഴിയോര വിശ്രമ കേന്ദ്രം, ആശുപത്രികള്‍ എന്നിവയ്ക്ക് ദേശീയപാതയില്‍ നിന്ന് പ്രവേശന കവാടം സ്ഥാപിച്ചുകിട്ടുന്നതിന് ഫീസ് ഒടുക്കി അപേക്ഷിക്കാം. ദേശീയപാത പ്രോജക്റ്റ് ഡയറക്ടര്‍ക്കോ ഡെ. ജനറല്‍ മാനേജര്‍ക്കോ ഓണ്‍ലാനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 30 ദിവസത്തിനകം അപേക്ഷകനെ ഹിയറിങിന് വിളിക്കും. ദേശീയപാത റീജിയണല്‍ ഓഫീസറോ എക്സിക്യൂട്ടീവ് ഡയറക്ടറോ അപേക്ഷകന്റെ വാദവും ഫീല്‍ഡ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം താല്‍ക്കാലിക അനുമതി നല്‍കും. ദേശീയപാത ഭരണവിഭാഗത്തിന്റെ താല്‍ക്കാലിക ലൈസന്‍സ് ലഭിച്ചവര്‍ക്ക് നിബന്ധന പാലിച്ച് പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കാം. കൃത്യമായ ഇടവേളകളില്‍ ദേശീയ പാത അധികൃതര്‍ പരിശോധന നടത്തി തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും. സമയബന്ധിതമായി തിരുത്തിയില്ലെങ്കില്‍ താല്‍ക്കാലിക ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരവും ദേശീയപാത ഭരണവിഭാഗത്തിനുണ്ട്.

ജില്ലയില്‍ ദേശീയ പാത 66 കടന്നു പോകുന്ന ചാവക്കാട്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റികള്‍, എടത്തിരുത്തി, ഏങ്ങണ്ടിയൂര്‍, കടപ്പുറം, കൈപ്പമംഗലം, മതിലകം, നാട്ടിക, ഒരുമനയൂര്‍, പെരിഞ്ഞനം, പോര്‍ക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ശ്രീനാരായണപുരം, തളിക്കുളം, വാടാനപ്പള്ളി, വലപ്പാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ദേശീയ പാത പ്രവേശന കവാട അനുമതി (ആക്‌സിസ് പെര്‍മിറ്റ്) ആവശ്യമായി വരുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസിന്റെ വെബ്സൈറ്റില്‍ ആര്‍ഡബ്ല്യു – എന്‍എച്ച്-33032/01/2017എസ്&ആര്‍(ആര്‍) പേജ് സന്ദര്‍ശിച്ചാല്‍ ഇതുസംബന്ധിച്ച വിശദ വിവരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here