റോഡപകടങ്ങളില്‍ പ്രധാന വില്ലന്‍ അതിവേഗം; അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്

0
120

രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മറ്റ് നിയമലംഘനങ്ങള്‍ കാരണമുണ്ടായ അപകടങ്ങളില്‍ മരണനിരക്ക് കുറവാണ്. ഗതാഗത നിയമലംഘനങ്ങള്‍ കാരണമുള്ള അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.

രാജ്യത്തെ റോഡപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണെങ്കിലും മരണനിരക്കില്‍ താഴെയാണ്. പതിനായിരം വാഹനങ്ങള്‍ക്ക് മൂന്ന് മരണം എന്നതാണ് കേരളത്തിന്റെ തോത്. മരണനിരക്കില്‍ ഏറ്റവും മുന്നില്‍ സിക്കിം ആണ്. പതിനായിരം വാഹനങ്ങള്‍ക്ക് 17 മരണം. രണ്ടാം സ്ഥാനത്ത് ബിഹാര്‍-9 മരണം. ലഡാക്ക്, ദാമന്‍-ദിയു എന്നിവിടങ്ങളില്‍ പൂജ്യമാണ്. 2010 മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷം റോഡപകടങ്ങളില്‍ മുന്‍ ദശാബ്ദങ്ങളിലേതിനെക്കാള്‍ കുറവാണ് കാണിക്കുന്നത്.

1980- 90 കാലയളവിലായിരുന്നു അപകടനിരക്ക് ഉയര്‍ന്നുനിന്നത്. അപകടങ്ങളുടെ തീവ്രത രണ്ടായിരാമാണ്ടില്‍ വര്‍ധിച്ചിട്ടുണ്ട്. 2011-ല്‍ പതിനായിരം വാഹനങ്ങള്‍ക്ക് 10 എന്ന തോതിലായിരുന്നു രാജ്യത്ത് അപകടമരണനിരക്ക് എങ്കില്‍ 2019 അത് 5.4 ആയും 2020ല്‍ 4.2 ആയും താഴ്ന്നു. രാജ്യത്ത് റോഡപകടങ്ങളിലേറെയും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ്. 2022ല്‍ ആകെ 63115 ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ 25,228 പേര്‍ കൊല്ലപ്പെട്ടു.

കേരളത്തില്‍ ദേശീയപാതാ അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും കീഴില്‍വരുന്ന പാതകളില്‍ 2022 ല്‍ 7372 ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതില്‍ 629 പേര്‍ മരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദേശീയപാതകളിലെ അപകടങ്ങളില്‍ രാജ്യത്ത് 2022ല്‍ 17.99 ശതമാനം വര്‍ധനയുണ്ടായി. സംസ്ഥാനപാതകളില്‍ ഇത് 10.69 ശതമാനവും മറ്റ് റോഡുകളില്‍ 8.23 ശതമാനവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here