ഗസ്സ നരഹത്യയിൽ പ്രതിഷേധം; ഇസ്രായേലിൽനിന്ന് മുഴുവൻ നയതന്ത്ര പ്രതിനിധികളെയും തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്ക

0
170

പ്രിട്ടോറിയ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിൽ അന്താരാഷ്ട്ര പ്രതിഷേധത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയും. ഇസ്രായേലിൽനിന്നു മുഴുവൻ നയതന്ത്ര പ്രതിനിധികളെയും ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മന്ത്രി കമ്പഡ്‌സോ ഷഫേനിയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മുഴുവൻ നയതന്ത്ര പ്രതിനിധികളോടും തെൽഅവീവിൽനിന്നു തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചതിനു കാരണം മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗസ്സ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിയാണു നടപടിയെന്നാണ് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ചർച്ചകൾക്കു വേണ്ടി തെൽഅവീവിലെ മുഴുവൻ നയതന്ത്ര പ്രതിനിധികളെയും ദക്ഷിണാഫ്രിക്കൻ ഭരണകൂടം തിരിച്ചുവിളിച്ചിരിക്കുകയാണെന്നു മാത്രമാണ് വാർത്താകുറിപ്പിൽ അറിയിച്ചത്.

അതേസമയം, ഫലസ്തീനിലെ നിരപരാധികളായ സിവിലിയന്മാരുടെയും കുട്ടികളുടെയും നിരന്തരമുള്ള കൊലയിൽ അതീവ ആശങ്കയിലാണു തങ്ങളെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലെഡി പാൻഡോർ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിന്റെ പ്രതികരണം കൂട്ടശിക്ഷയായി മാറിയിരിക്കുകയാണ്. ഈ സമയത്ത് ദക്ഷിണാഫ്രിക്കയുടെ ആശങ്ക അറിയിക്കേണ്ടത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രായേൽ വിഷയത്തിൽ എന്നും ഫലസ്തീനൊപ്പം നിൽക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. വർണവിവേചനത്തിനെതിരായ പാർട്ടിയുടെ പോരാട്ടവുമായാണ് ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്(എ.എൻ.സി) ഫലസ്തീനികളുടെ അതിജീവനസമരത്തെ താരതമ്യപ്പെടുത്തിയിട്ടുള്ളത്.

ഗസ്സ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽനിന്നു നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്ന ഏഴാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ ദിവസം മറ്റൊരു ആഫ്രിക്കൻ രാജ്യമായ ഛാഡും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഇസ്രായേലിൽനിന്നു പിൻവലിച്ചിരുന്നു. നിരപരാധികളായ നിരവധി പേരാണ് ഗസ്സയിൽ മരിച്ചുവീഴുന്നതെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം നടപടിക്കു കാരണമായി വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. നേരത്തെ തുർക്കി, ഹോണ്ടുറാസ്, ചിലി, കൊളംബിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അംബാസഡർമാർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു. ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച ആക്രമത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിലേക്കു കടക്കുകയാണ്. ഏറ്റവും പുതിയ കണക്കുപ്രകാരം 9,922 പേർക്കാണു ഗസ്സയിൽ ജീവൻ നഷ്ടമായത്. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400 പേരാണു കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here