ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ് എന്നിവയും അടക്കും. റോഡുകൾ എത്ര സമയത്തേക്ക് അടച്ചിടുമെന്ന് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അഞ്ച് മണിക്കൂർ അടച്ചിരുന്നു. ഇത്തവണയും ഇതേസമയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദുബൈ റൈഡ് രാവിലെ 6.15 മുതൽ 8.15 വരെയായിരിക്കും.
ഈ റോഡുകൾ വഴി യാത്ര നിശ്ചയിച്ചവർ മറ്റു റോഡുകൾ വഴി അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. അൽ ഹാദിഖ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മൈദാൻ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, 2nd സഅബീൽ സ്ട്രീറ്റ്, 2nd ഡിസംബർ സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നിവ വഴി ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഉപയോഗിക്കണമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ട്വീറ്റ് ചെയ്തു.
ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ൽ ആരംഭിച്ച ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) മുൻനിര ഇവന്റുകളിൽ ഒന്നാണ് ദുബൈ റൈഡ്. എല്ലാ തലങ്ങളിലുമുള്ള റൈഡർമാർക്ക് അനുയോജ്യമായ രണ്ട് സൈക്ലിംഗ് റൂട്ടുകൾ ഇവന്റിലുണ്ട്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബൈ വാട്ടർ കനാൽ, ബുർജ് ഖലീഫ, ഷെയ്ഖ് സായിദ് റോഡിലെയും ഡൗൺടൗൺ ദുബൈയിലെയും മറ്റ് ആകർഷണങ്ങൾ എന്നിവയുൾപ്പെടെ ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ കടന്നാണ് റൈഡ് ദുബൈ മുന്നോട്ട് നീങ്ങുക.