റിയാദ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മൾട്ടി ബില്യൺ ഡോളറിന്റെ ഓഹരി വാങ്ങാൻ സഊദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗ് ന്യൂസ് ആണ് ഇതുസംബന്ധിച്ച് വിവിധ ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. സെപ്റ്റംബറിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത് എന്നാണ് വിവരം.
സഊദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഐപിഎല്ലിനെ 30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി റിപ്പോർട്ട് പറയുന്നു. ലീഗിലേക്ക് 5 ബില്യൺ ഡോളർ നിക്ഷേപിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കാനും രാജ്യം നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് അല്ലെങ്കിൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പോലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ വിവിധ രാജ്യങ്ങളിലേക്ക് പടർത്താൻ സഹായിക്കണമെന്നാണ് ആവശ്യം. സഊദി ഗവൺമെന്റ് ഒരു കരാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ സർക്കാരും രാജ്യത്തെ ക്രിക്കറ്റ് റെഗുലേറ്റർ ബിസിസിഐയും ഈ നിർദ്ദേശം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഐപിഎൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗുകളിലൊന്നാണ്, 2008 ലെ ഉദ്ഘാടന പതിപ്പ് മുതൽ മികച്ച കളിക്കാരെയും പരിശീലകരെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നു. ഫുട്ബാൾ, ഗോൾഫ് തുടങ്ങിയ മേഖലകളിൽ ആധിപത്യം നേടിയ സഊദിയുടെ ക്രിക്കറ്റിലേക്കുള്ള പ്രവേശനം ക്രിക്കറ്റിനെ ആഗോളവത്കരിക്കുന്നതിൽ നേട്ടമാകും.