സമസ്ത മുശാവറ അംഗം എൻ. അബ്ദുല്ല മുസ്​ലിയാർ അന്തരിച്ചു

0
144

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ് ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദര്‍സില്‍ പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട് വാവാട്ട് 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ചാലിയം സിദ്ദീഖ് പള്ളി, അണ്ടോണ, കുടുക്കിലുമ്മാരം, മങ്ങാട്, പുത്തൂര്‍ വെള്ളാരംചാല്‍ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍, കെ.കെ ഹസ്‌റത്ത്, പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, എം.ടി അബ്ദുല്ല മുസ് ലിയാര്‍, പി.സി കുഞ്ഞാലന്‍കുട്ടി മുസ് ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുക്കന്മാര്‍.

സമസ്ത കോഴിക്കോട് ജില്ലാ ട്രഷറര്‍, കോഴിക്കോട് ജില്ലാ ജംഇയ്യതുല്‍ മുദരിസീന്‍ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡന്റ്, ശിആറുല്‍ ഇസ് ലാം മദ്‌റസ കൊടിയത്തൂര്‍ പ്രസിഡന്റ്, നടമ്മല്‍പൊയില്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡന്റ്, ഓമശ്ശേരി ചോലക്കല്‍ റഹ്മാനിയ്യ ജുമാമസ്ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ബ്രിട്ടിഷ് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച നടമ്മല്‍ അഹ്മദിന്റെ മകന്‍ ഇമ്പിച്ച്യാലി ഹാജിയാണ് പിതാവ്. പ്രമുഖ പണ്ഡിതന്‍ കനിങ്ങംപുറത്ത് അബ്ദുല്ല മുസ് ലിയാരുടെ മകള്‍ ഫാത്തിമയാണ് മാതാവ്. ഭാര്യ, സമസ്ത മുശാവറ അംഗമായിരുന്ന പി.സി കുഞ്ഞാലന്‍കുട്ടി മുസ് ലിയാരുടെ മകള്‍ ആയിശയാണ്. മക്കള്‍: മുഹമ്മദലി ഫൈസി, കുഞ്ഞാലന്‍കുട്ടി ഫൈസി, ഹാഫിള് സിദ്ദീഖ് ഫൈസി, മുഹമ്മദ് അശ്‌റഫ്, ഫാത്തിമത്ത് സഹ്‌റ, ഖദീജത്തുല്‍ കുബ്‌റ. മരുമക്കള്‍: സുലൈമാന്‍ മുസ്‌ലിയാര്‍ അമ്പലക്കണ്ടി, സമദ് ഫൈസി പാലോളി, സൈനബ നരൂക്കില്‍, സാജിദ കൊയിലാട്, ഹഫ്‌സ മുണ്ടോട്, ഹസ്‌ന നസ്‌റിന്‍ മടവൂര്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി)രാവിലെ 10നു നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും 10.30നു പുതിയോത്ത് ജുമാമസ്ജിദിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here