സ്റ്റോക്സിന് പിന്നാലെ റൂട്ടും പിന്‍മാറി, ഐപിഎല്ലില്‍ താരകൈമാറ്റം ഇന്ന് അവസാനിക്കും; ഇതുവരെ കൈമാറിയ താരങ്ങള്‍

0
165

മുംബൈ: ഐപിഎൽ താരലേലത്തിന് മുന്‍പ് ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍ താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയൽസ് റൂട്ടിനെ സ്വന്തമാക്കിയത്.

അതിനിടെ താരകൈമാറ്റത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് ഇടംകയ്യൻ സ്പിന്നര്‍ മായങ്ക് ഡാഗറിനെ ആര്‍സിബിക്ക് വിട്ടുകൊടുത്ത് പകരം ഷഹ്ബാസ് അഹമ്മദിനെ സ്വന്തമാക്കി. കഴിഞ്ഞ തവണ 1.8 കോടി രൂപ മുടക്കിയാണ് ലേലത്തിൽ ഡാഗറിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2022ലെ താരലേലത്തിൽ ആര്‍സിബി ഷഹ്ബാസിനായി മുടക്കിയത് 2.4 കോടി രൂപയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം ദേവ്ദത്ത് പടിക്കലിനെ വിട്ടുകൊടുത്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ നിന്ന് പേസര്‍ ആവേശ് ഖാനെ സ്വന്തമാക്കിയിരുന്നു. ലഖ്നൗ വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിനെ മുംബൈ ഇന്ത്യന്‍സിന് കൈമാറിയിട്ടുണ്ട്. അതേസമയം, പൃഥ്വി ഷായെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോച്ച് റിക്കി പോണ്ടിംഗിന്‍റെയും മെന്‍ററായ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൃഥ്വി ഷായെ ഡല്‍ഹി നിലനിര്‍ത്തുന്നത്. കൗണ്ടി മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പൃഥ്വി ഷാ ഇപ്പോള്‍ വിശ്രമത്തിലാണ്.

ഒഴിവാക്കപ്പെടുമെന്ന കരുതുന്ന താരങ്ങളില്‍ ആര്‍സിബിയുടെ വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, കൊക്കത്തയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരും ഒഴിവാക്കപ്പെടുന്ന താരങ്ങളുടെ ലിസ്റ്റിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here