ഒന്നുകില്‍ എഞ്ചിന്‍ മാറ്റികൊടുക്കണം അല്ലെങ്കില്‍ 42 ലക്ഷം; കാര്‍ കമ്പനിക്കെതിരെ ഉപഭോക്താവിന് അനുകൂല വിധി

0
203

ചെന്നൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ, ഉപഭോക്താവിന് 42.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. ഈ തുക നല്‍കുകയോ അല്ലെങ്കില്‍ വാഹനത്തിന്റെ തകരാറിലായ എഞ്ചിന്‍ മാറ്റി നല്‍കുകയോ വേണം. ഇതിന് പുറമെ നഷ്ടപരിഹാരമായി 55,000 രൂപ കൂടി നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരി നല്‍കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ അനുകൂല വിധി. 2016 ജനുവരിയില്‍ അദ്ദേഹം ചെന്നൈയിലെ  ഷോറൂമില്‍ നിന്ന് ജാഗ്വാര്‍ എക്സ്.എഫ് 3.0 മോഡല്‍ കാര്‍ വാങ്ങിയിരുന്നു. 61 ലക്ഷം രൂപയാണ് അന്ന് കാറിന് നല്‍കിയത്. പിന്നീട് 2018 മാര്‍ച്ചില്‍ ബംഗളുരുവിലേക്കുള്ള ഒരു സ്വകാര്യ യാത്രയ്ക്കിടെ വാഹനം വലിയ ശബ്ദത്തോടെ റോഡിന് നടുവില്‍ നിന്നുപോയി.  22,400 കിലോമീറ്ററാണ് അന്ന് കാര്‍ ആകെ സഞ്ചരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ കമ്പനി വാറണ്ടി കാലാവധി അവസാനിച്ചിരുന്നതുമില്ല. കാര്‍ പിന്നീട് റിക്കവറി വാഹനം എത്തി ബംഗളുരുവിലെ ഷോറൂമിലേക്ക് കൊണ്ടുപോവുകയും വാറണ്ടി കാലാവധിക്കുള്ളില്‍ ആയിരുന്നതിനാല്‍ സര്‍വീസ് സെന്ററില്‍ നിന്ന് സൗജന്യമായി എഞ്ചിന്‍ മാറ്റിവെച്ചു കൊടുക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത വര്‍ഷവും ഇതുപോലെ കാര്‍ നടുറോഡില്‍ നിന്നു. ഇത്തവണ വാറണ്ടി പീരിഡ് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സര്‍വീസ് സെന്റര്‍ അധികൃതര്‍ എഞ്ചിന്‍ മാറ്റി നല്‍കാന്‍ തയ്യാറായില്ല. തിരികെ നല്‍കാതെ ഒരു വര്‍ഷത്തോളം കാര്‍ സര്‍വീസ് സെന്ററില്‍ കിടന്നു. ഇതേ തുടര്‍ന്നാണ് ഉടമ ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. തകരാറുള്ള വാഹനമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം വാഹനത്തിന്റെ അമിത ഉപയോഗവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗവും അറ്റകുറ്റപ്പണികള്‍ നടത്താത്തതും കാരണം എഞ്ചിന് അസാധാരണ തേയ്മാനം വന്നുവെന്നായിരുന്നു സര്‍വീസ് സെന്റര്‍ അധികൃതരുടെ വാദം. വാഹനം തിരിച്ചു നല്‍കാന്‍ വൈകിയത് കൊവിഡ് ലോക്ക് ഡൗണ്‍ ആയിരുന്നതിനാലാണ് എന്നും അവര്‍ വാദിച്ചു.

കാര്‍ നിര്‍മാതാക്കളായ മുംബൈ ആസ്ഥാനമായ കമ്പനി ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ നടത്തിയ വാദത്തില്‍ തകരാറുകളുള്ള കാറാണ് ഉപഭോക്താവിന് നല്‍കിയതെന്ന് തെളിയിക്കാനുള്ള ഒരു തെളിവും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലെന്നാണ് വാദിച്ചത്. എന്നാല്‍ എഞ്ചിന്റെ വിലയായ 42.2 ലക്ഷം രൂപയില്‍ 50 ശതമാനം ഡിസ്കൗണ്ട് നല്‍കാമെന്ന് കമ്പനി നിലപാടെടുത്തു. പുതിയ കാര്‍ ആവശ്യപ്പെടുന്ന ഉടമയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്പനി വാദിച്ചു.

കമ്പനിയുടെയും സര്‍വീസ് സെന്ററിന്റെയും വാദങ്ങളെല്ലാം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഒന്നുകില്‍ ഉപഭോക്താവിന്റെ കാറിന് എഞ്ചിന്‍ മാറ്റി നല്‍കണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിലപാടെടുത്തു. ഇതിന് പുറമെ അദ്ദേഹത്തിനുള്ള നഷ്ടങ്ങള്‍ക്ക് പകരമായി 55,000 രൂപ കൂടി നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here