ഇനി എവിടെയിരുന്നും കാർ ട്രാക് ചെയ്യാം; പുതിയ സംവിധാനവുമായി റിലയൻസ് ജിയോ

0
133

ഏതൊരു കാറിനേയും സ്മാർട്ട് കാറാക്കി മാറ്റാനുള്ള പുതിയ സംവിധാനവുമായി റിലയൻസ് ജിയോ. ജിയോ മോട്ടീവ് എന്ന് പേരുനൽകിയിരിക്കുന്ന ഉപകരണത്തിന് പോക്കറ്റിന്റെ അത്ര വലുപ്പമേ ഉള്ളു. കാറിനുള്ളിലെ ഡാഷ്‌ബോർഡിന് താഴെയുള്ള ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ടിൽ വളരെ വേഗം ആർക്കും ഘടിപ്പിക്കാനും സാധിക്കും. ഇൻസ്റ്റാൾ ചെയ്‌ത ശേഷം ഇ-സിം ഉപയോഗിച്ച് ഉപകരണം ജിയോ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കാം.

കാർ എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന വിവരങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഉടമയ്‌ക്കോ ജിയോ തിങ്ങ്സ് എന്ന ആപ്പ് വഴി ജിയോ മോട്ടീവ് കണക്റ്റ് ചെയ്തിട്ടുള്ള ആൾക്കോ അറിയാൻ സാധിക്കും. കാർ എവിടെയാണെന്ന് നിരീക്ഷിക്കുന്നതിനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മോഷണം തടയുന്നതിനും ഇത് സഹായകമാകും.

ജിയോ-ഫെൻസിങ്: ജിയോമോട്ടീവ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു മാപ്പിൽ വിർച്വൽ അതിർത്തി സജ്ജീകരിക്കാനാകും. കാർ ഈ മേഖല വിട്ട് പുറത്തുപോയാൽ അലർട്ട് ലഭിക്കും.

ഡ്രൈവിങ് അനലിറ്റിക്സ്: വേഗത, പെട്ടെന്നുള്ള ബ്രേക്കിങ് എന്നിങ്ങനെയുള്ള വിവിധ ഡ്രൈവിങ് ഡാറ്റകൾ ജിയോമോട്ടീവ് ശേഖരിക്കും. ഡ്രൈവിങ് മെച്ചപ്പെടുത്തുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും കാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ കാറിനെ സംബന്ധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

ടൈം ഫെൻസിങ്; ഒരാൾ ക്രമീകിരിച്ചിട്ടുള്ള സമയപരിധിയിലല്ലാതെ വാഹനം സ്റ്റാർട്ട് ചെയ്താൽ ആപ്പ് വഴി അലർട്ട് ലഭിക്കും. നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ സംവിധാനം ഉപയോഗപ്രദമാണ്.

ജിയോമോട്ടീവ് റിലയൻസ് ഡിജിറ്റലിന്റെ വെബ്‌സൈറ്റിൽനിന്ന് ₹4,999-ന് വാങ്ങാൻ സാധിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ, ജിയോമാർട്ട് എന്നിവയിലും ഉപകരണം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here