ഗുജറാത്തിലെ തെരുവിലുറങ്ങുന്നവർക്ക് അഫ്ഗാൻ താരത്തിന്റെ ദീപാവലി സമ്മാനം; വിഡിയോ വൈറൽ

0
91

ഇത്തവണത്തെ ലോകകപ്പിൽ മിന്നും പ്രകടനമായിരുന്നു അഫ്ഗാനിസ്താൻ കാ​ഴ്ചവെച്ചത്. വമ്പൻമാരെ വരെ അട്ടിമറിച്ച അവർ ഒമ്പത് മത്സരങ്ങളിൽ നാല് ജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊക്കെ പോയിന്റ് പട്ടികയിൽ അഫ്ഗാൻ ടീമിന് താഴെയാണ് സ്ഥാനം. സെമിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും തലയുയർത്തി തന്നെയായിരുന്നു അവർ ഇന്ത്യയിൽ നിന്ന് മടങ്ങിയത്.

അതിനിടെ അഫ്ഗാൻ താരമായ റഹ്മാനുള്ള ഗുർബാസിന്റെ ഹൃദ്യമായ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗുജറാത്ത് നഗരമായ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തുകയായിരുന്നു 21-കാരനായ താരം. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കാറിൽ വന്നിറങ്ങിയ അഫ്ഗാൻ ഓപണർ തെരുവിൽ കിടന്നുറങ്ങുന്നവർക്ക് ദീപാവലി ആഘോഷിക്കാൻ പണം വിതരണം ചെയ്യുകയായിരുന്നു .

ഉറങ്ങിക്കിടന്നവരെ ശല്യപ്പെടുത്താതെ അവരുടെ തലയുടെ അടുത്തായി അഞ്ഞൂറ് രൂപവീതം വെച്ച താരം തുടർന്ന് കാറിൽ കയറി പോവുകയായിരുന്നു. ​ക്രിക്കറ്റ് പ്രേമിയായ മുഫദ്ദൽ വൊഹ്റയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് ഗുർബാസ് പുറത്തെടുത്തത്. ഇബ്രാഹിം സദ്രാൻ-ഗുർബാസ് ഓപണിങ് കൂട്ടുകെട്ട് അഫ്ഗാനിസ്താന് പല​പ്പോഴും തുണയായി മാറിയിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്നായി രണ്ട് അർധസെഞ്ചുറികൾ സഹിതം 98.94 സ്‌ട്രൈക്ക് റേറ്റിൽ 280 റൺസായിരുന്നു വലംകൈയ്യൻ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here