‘ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ നിരോധനം ഭക്ഷണസ്വാതന്ത്രം നിഷേധിക്കല്‍; മതത്തിന് മേലുള്ള കടന്ന് കയറ്റം’; യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

0
130

ഉത്തര്‍ പ്രദേശില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകള്‍ പറയുന്നു. ഹലാല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി യോഗിക്ക് നിവേദനം നല്‍കുമെന്ന് സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

ഹലാല്‍ സര്‍ട്ടിഫൈഡ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഉത്തര്‍ പ്രദേശില്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുപ്രകാരം ഹലാല്‍ ടാഗോടെ ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഞ്ചസാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍ മുതലായവ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വില്‍ക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ലഖ്നോവിലെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ പരാതിയില്‍ നേരത്തെ ഒരു കമ്പനിക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ നിരോധനമേര്‍പ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഭക്ഷ്യവസ്തുക്കള്‍ക്കും സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ സര്‍ക്കാര്‍ അധികൃതര്‍ വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here