ഉഡുപ്പി കൂട്ടക്കൊല; ‘2 തവണ പൊലീസിനെ കബളിപ്പിച്ച് പ്രവീണ്‍’; ഒടുവില്‍ കത്തി കണ്ടെത്തി

0
245

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍ പ്രതി പ്രവീണ്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പ്രവീണ്‍ പൊലീസിനെ കബളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കത്തി ഉപേക്ഷിച്ചത് എവിടെയാണെന്നത് സംബന്ധിച്ച് പ്രവീണ്‍ കൃത്യമായ വിവരം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. 

‘കൊലപാതക ശേഷം ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന വഴി ഒരു പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് കത്തി എറിഞ്ഞെന്നാണ് പ്രവീണ്‍ ആദ്യം നല്‍കിയ മൊഴി. പിന്നീട് പറഞ്ഞത്, മംഗളൂരുവിലെ വീടിന് സമീപത്ത് കുഴിച്ചിട്ടെന്നാണ്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടിലും പരിസരത്തും വ്യാപക തിരച്ചിലാണ് അന്വേഷണസംഘം നടത്തിയത്. എന്നാല്‍ കത്തി കണ്ടെത്താന്‍ സാധിച്ചില്ല.’ വീണ്ടും നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് മംഗളൂരു ബെജായിയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റില്‍ നിന്ന് കത്തി കണ്ടെത്തിയതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. ഇതോടെ, കൂട്ടക്കൊല സമയത്ത് പ്രവീണ്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം കണ്ടെത്തിയതായി ഉഡുപ്പി എസ്പി കെ അരുണ്‍ മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണം തുടരുകയാണ്, വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും എസ്പി പറഞ്ഞു. 

 

വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രവീണിന് നേരെ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങി. ‘കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ’യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തത്. പൊലീസ് സംഘത്തെ തടഞ്ഞാണ് നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുക്കണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുപോകുന്നത്. 

 

12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയായിരുന്ന അയനാസിനോടുള്ള പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ അവസാനിച്ചതെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here