മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്: കേസെടുത്തത് മുൻഭാര്യയുടെ പരാതിയിൽ

0
177

കൊച്ചി: വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ ഇപ്പോൾ പോക്സോ കേസ് കൂടി വരുന്നത്.

പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ​ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ​​ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് ഇപ്പോൾ പോക്സോ ചുമത്തി കേസെടുത്തിരിക്കുന്നത്. കേസ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാൽ അവിടേക്ക് കൈമാറുമെന്ന് ധർമ്മടം പൊലീസ് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്ന കാര്യത്തിൽ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്​ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.  സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിർദ്ദേശ പ്രകാരം ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബ്ഹാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബ്ഹാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here