ലാഹോർ: ഇന്ത്യയിൽ നടിമാരുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ വിവാദം കത്തുമ്പോൾ പാകിസ്ഥാനിലും സമാന സംഭവം. പാകിസ്ഥാനിലെ സോഷ്യൽമീഡിയ താരമായ അലിസ സെഹറുടെ സ്വകാര്യ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നതോടെയാണ് വിവാദമായത്. വീഡിയോ സംബന്ധിച്ച് വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്. സംഭവത്തിന് പിന്നാലെ മറ്റൊരു വീഡിയോയുമായി സെഹർ രംഗത്തെത്തി. തന്റെ വീഡിയോ ചോർത്തിയവർക്കെതിരെ നടപടിയെടുക്കാത്തതിൽ സെഹർ കടുത്ത നിരാശ പ്രകടിപ്പിച്ചു.
പഞ്ചാബിലെ ഗ്രാമത്തിൽ നിന്നുള്ള സെഹർ, 2017 മുതൽ അവളുടെ ഗ്രാമീണ ജീവിതരീതിയെ കേന്ദ്രീകരിച്ച് നടത്തിയ വീഡിയോയിലൂടെയാണ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടത്. പാചകം, വീട്ടുജോലികൾ, പരിസ്ഥിതി, കൃഷി എന്നിവയായിരുന്നു സെഹറിന്റെ ഉള്ളടക്കം. വീഡിയോ വൈറലായതോടെ യൂട്യൂബിൽ 14 ലക്ഷം സബ്സ്ക്രൈബേഴ്സായി. ചില വീഡിയോ 1.4 കോടി വരെ ആളുകൾ കണ്ടു. 400,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും സെഹറിനെ പിന്തുടരുന്നു.
പുതിയ വീഡിയോയിൽ, തന്റെ സ്വകാര്യ വീഡിയോ ചോർത്തിയെന്ന് സെഹർ ആരോപിക്കുന്ന വ്യക്തിക്കെതിരെ ആഞ്ഞടിച്ചു. ഖത്തറിലെ നായ എന്നാണ് സെഹർ യുവാവിനെ വിശേഷിപ്പിച്ചത്. മുൾട്ടാനിലെ സൈബർ ക്രൈം ഡിപ്പാർച്ച്മെന്റിന്റെ പിന്തുണ ലഭിച്ചിട്ടും പ്രതിൾക്കെതിരെ നടപടിയെടുക്കാത്തതിനെയും അവർ വിമർശിച്ചു. വെല്ലുവിളി നിറഞ്ഞ വേളയിൽ തന്നോടൊപ്പം നിന്നവരോട് അവർ നന്ദി പറയുകയും ചെയ്തു. യൂട്യൂബിൽ വൈറലായതുമുതൽ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നെന്നും എന്നാൽ കുടുംബത്തിന്റെ പിന്തുണ കാരണം ജോലി തുടർന്നുവെന്നും സെഹർ വെളിപ്പെടുത്തി. നേരത്തെ ഇന്ത്യയിലും സമാന സംഭവമുണ്ടായിരുന്നു. ‘കുൽഹാദ് പിസ്സ’യിലൂടെ പ്രശസ്തരായ ദമ്പതികളായ സെഹാജ് അറോറയുടെയും ഭാര്യ ഗുർപ്രീത് കൗറിന്റെ വ്യാജ വീഡിയോ ചോർന്നിരുന്നു. സംഭവത്തിൽ ഇവരുടെ മുൻ ജോലിക്കാരായ ദമ്പതികൾ അറസ്റ്റിലായി.