ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ദേഷ്യത്തില്‍ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ച് യുവതി, പിന്നാലെ മരണവും

0
206

പൂനെ: ജന്മദിനാഘോഷത്തിനായി ദുബെയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊന്നു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.

പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറു വര്‍ഷം മുന്‍പായിരുന്നു നിഖിലിന്‍റെയും രേണുകയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുകയുടെ പിറന്നാൾ ആഘോഷിക്കാൻ നിഖിൽ ദുബൈയിലേക്ക് കൊണ്ടുപോകാത്തതും ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകാത്തതിനാലുമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ”സെപ്തംബര്‍ 18നായിരുന്നു രേണുകയുടെ ജന്‍മദിനം. അത് ദുബൈയില്‍ വച്ച് ആഘോഷിക്കാനായിരുന്നു രേണുകയുടെ ആഗ്രഹം. എന്നാല്‍ ഇത് സാധിച്ചുകൊടുക്കാന്‍ നിഖിലിന് സാധിച്ചില്ല. നവംബര്‍ 5നായിരുന്നു വിവാഹ വാര്‍ഷികം. അന്നും ഭര്‍ത്താവില്‍ നിന്നും സമ്മാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതും കിട്ടിയില്ല. ഡല്‍ഹിയിലുള്ള ബന്ധുവിന്‍റെ പിറന്നാളാഘോഷത്തിന് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനും അനുകൂലമായ പ്രതികരണമല്ല നിഖിലില്‍ നിന്നും ഉണ്ടായത്” പൊലീസ് പറഞ്ഞു.

തര്‍ക്കത്തിനിടെ രേണുക ഭര്‍ത്താവിന്‍റെ മൂക്കിനിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. നിഖിലിന്‍റെ ചില പല്ലുകളും പൊട്ടി. തുടര്‍ന്ന് അബോധാവസ്ഥയിലായ നിഖില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here