കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ചിട്ടില്ല: തലമറച്ചും പരീക്ഷയെഴുതാം, പക്ഷേ നേരത്തെ എത്തണം

0
160

ബംഗളൂരു: മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ തലമറയ്ക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുന്നത് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍. തലമറച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടെന്നും എന്നാല്‍ അത്തരം വിദ്യാര്‍ഥികള്‍ ഒരുമണിക്കൂര്‍ നേരത്തെയെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി വിശദീകരിച്ചു.

ഈ മാസം 18നും 19നും സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നടക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി ഇറക്കിയ സര്‍ക്കുലറില്‍ തലമറക്കുന്ന രീതിയിലുള്ള വസ്ത്രം പാടില്ലെന്ന നിര്‍ദേശം ഉണ്ടായിരുന്നു. നിരോധിക്കപ്പെട്ട ഡ്രസ് കോഡുകളില്‍ ഹിജാബ് എന്ന് പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഫലത്തില്‍ പരീക്ഷാര്‍ഥിക്ക് ശിരോവസ്ത്രം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

അനാവശ്യ തൊപ്പികളോ ഷാളുകളോ അനുവദിക്കില്ലെന്നും കോപ്പിയടി തടയുന്നതിന്റെ ഭാഗമാണ് നടപടിയെന്നും എന്നാല്‍ ഇത് ഹിജാബിനെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടക ഭരിച്ച മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു. നിരോധനം എടുത്തുകളയുമെന്ന് വാഗ്ദാനംചെയ്ത കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ, സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി കഴിഞ്ഞ മാസം 23ന് ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം പുതിയ സര്‍ക്കുലര്‍ ഇറങ്ങിയത്. ഇതിനെതിരേ അസദുദ്ദീന് ഉവൈസിയും ഉമര്‍ അബ്ദുല്ലയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ്, നിരോധനമില്ലെന്ന് മന്ത്രി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here