അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ, നടപടിക്ക് എം.വി.ഡി.

0
146

അനധികൃതമായി രൂപമാറ്റംവരുത്തി, ലേസര്‍ ലൈറ്റുള്‍പ്പെടെ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച് ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. നടപടിയെടുത്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശമുണ്ട്.

രൂപമാറ്റംവരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പലതവണ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതില്‍ വീഴ്ചവരുത്തിയതിനാല്‍ ശബരിമല മണ്ഡലകാലത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹൈക്കോടതി വീണ്ടും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പ് നടപടി കര്‍ശനമാക്കുന്നത്.

കമ്പനി നിര്‍മിച്ചുനല്‍കിയതിനുപുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കില്‍ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിര്‍ദേശം.

വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്‌ക്കേണ്ടത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപമാറ്റംവരുത്തി അപകടമുണ്ടാക്കിയ വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഒന്നിലേറെത്തവണ മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ പാലിക്കാത്തതിനാല്‍ ഒക്ടോബറില്‍ വീണ്ടും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

പരിശോധിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിട്ടും ആര്‍.ടി.ഒ.മാരും ജോയന്റ് ആര്‍.ടി.ഒ.മാരും പരിശോധനനടത്താത്തതില്‍ വ്യാപകമായ ആക്ഷേപമുണ്ട്. രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍, എ.എം.വി.ഐ., എം.വി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റംവരുത്തി സര്‍വീസ് നടത്തിയാല്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അറിയിപ്പുനല്‍കാനും മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മണ്ഡലകാലത്ത് ഒട്ടേറെ വാഹനങ്ങള്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതിനാലാണിത്.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ശബരിമലയ്‌ക്കെത്തുന്ന അയ്യപ്പന്മാരെ ബോധവത്കരിക്കുന്നുണ്ടെന്നും രൂപമാറ്റം വരുത്തിയെത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ അവ അഴിച്ചുമാറ്റി സഹകരിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. ജോഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here