ലോകകിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകര്‍

0
227

അഹമ്മദാബാദ്: ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷിന്‍റെ ചിത്രത്തിന് നേരെയാണ് വിമര്‍ശനം.

മാര്‍ഷിന്‍റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഓരോ ടീമിനും ഒരോ സംസ്കാരമുണ്ടെന്നും ഓസ്ട്രേലിയന്‍ സംസ്കാരം അനുസരിച്ച് അത് തെറ്റാവില്ലെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. അതിനിടെ ലോകകപ്പ് നേട്ടത്തിനുശേഷം ഓസ്ട്രേലിയൻ ടീം ഇന്ന് രാവിലെ സബര്‍മതി നദിയിൽ കിരീടവുമായി ബോട്ട് സവാരി നടത്തി.

23ന് തുടങ്ങുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച നായകൻ പാറ്റ് കമ്മിൻസും ഡേവിഡ് വാര്‍ണറും അടക്കമുള്ള താരങ്ങള്‍ ഉടൻ ഓസ്ട്രേലിയയിലേക്ക് മടങ്ങും. ഫൈനലില്‍ ഇന്ത്യയെ തല്ലിത്തകര്‍ത്ത് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഗ്ലെന്‍ മാക്സ്‌വെല്‍ , സ്റ്റീവ് സ്മിത്ത്, ആദം സാംപ എന്നിവര്‍ അഹമ്മദാബാദില്‍ നിന്ന് ഇന്ത്യക്കെതിരായ ആദ്യ ടി 20 മത്സരം നടക്കുന്ന വിശാഖപ്പട്ടണത്തേക്കും പോകും.

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പത്ത് തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ആറാം കിരിടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയം അനാസായമാക്കിയത്. മര്‍നസ് ലബുഷെയ്ന്‍ (58*) നിര്‍ണായക പിന്തുണ നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here