നവകേരള സദസ്സ് ജനം ഏറ്റെടുത്തെന്ന് മന്ത്രി റിയാസ്; മഞ്ചേശ്വരം എംഎൽഎയെ വിമർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

0
205

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിക്കുകയും, പലകാര്യങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ പരാതികൾ പോലും പരിഹരിക്കാൻ സാധിക്കാത്ത സർക്കാരാണ് നവകേരള സദസ്സ് നടത്തുന്നതെന്ന മഞ്ചേശ്വരം എംഎൽഎയുടെ വിമർശനത്തിനെതിരെ മന്ത്രി അഹമ്മദ് ദേവർകോവിലും രംഗത്തെത്തി.

നവകേരള സദസിനെ ജനങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചുവെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷത്തെ പല എംഎൽഎമാർക്കും പങ്കെടുക്കാൻ താത്പര്യമുണ്ട്, എന്നാൽ നേതൃത്വം സമ്മതിക്കുന്നില്ല. പ്രതിപക്ഷ എംഎൽഎമാർ നവകേരള സദസിൽ നിന്ന് മാറി നിൽക്കുന്നത് ജനങ്ങളുടെ മുന്നിൽ നിന്നും മാറി നിൽക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ഹിമാലയം ബ്ലണ്ടറാണെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷ എംഎൽഎമാർക്കിടയിൽ തന്നെ ഇത്തരം അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നും പറഞ്ഞു.

നവ കേരള സദസ്സിൽ പൊതുജനങ്ങളുടെ സൗകര്യം മാനിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി സ്വീകരിക്കാത്തതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ നവകേരള സദസിലും കൗണ്ടറുകൾ വഴി പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾ ഒരു മാസത്തിനകം പരിഹരിക്കാനുള്ള സംവിധാനമുണ്ടാകും. ലോക ചരിത്രത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാൻ ഒന്നിച്ചിറങ്ങുന്നത് ആദ്യമായാണെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ചേശ്വരം എംഎൽഎയുടെ വിമർശനത്തിനും മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി പറഞ്ഞു. എംഎൽഎമാർക്ക്  പരാതികൾ പറയാൻ നിയമസഭയുണ്ടെന്നും നിയമസഭയിൽ കൃത്യമായി പങ്കെടുക്കുന്ന എംഎൽഎ മാർക്ക് വിഷയങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും പരിഹരിച്ചു പോകാനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പരാതികൾ പരിഹരിക്കേണ്ടത് എംഎൽഎ തന്നെയാണെന്നും കൂടുതൽ ആവശ്യങ്ങൾക്ക് മന്ത്രിമാരെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here