ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രാത്രിചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പുനൽകി. അത്യാഹിതവിഭാഗം തുടരുന്നതിനുള്ള നടപടികളുണ്ടാകും. മറ്റു ജില്ലകളിൽനിന്ന് ഇവിടെയെത്തുന്ന ഡോക്ടർമാർ പെട്ടെന്ന് സ്ഥലംമാറി പോകുന്നതിനു പരിഹാരമെന്ന നിലയിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമിക്കും.
തുടർപഠനത്തിനു അവധിയെടുക്കുന്നത് പതിവായതിനാൽ പി.ജി. കഴിഞ്ഞ ഡോക്ടർമാരെ നിയമിക്കും. കർണാടക രജിസ്ട്രേഷനുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടാക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ. ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതിനു നിയമഭേദഗതി വേണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മാസങ്ങൾക്ക് മുൻപ് യന്ത്രങ്ങൾ നൽകിയിട്ടും എക്സ്‌റേ യൂണിറ്റ് ആരംഭിക്കാത്തതെന്തേയെന്ന് മന്ത്രി ആശുപത്രി അധികൃതരോട് ആരാഞ്ഞു.
വൈദ്യുതീകരണ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് സുപ്രണ്ട് വ്യക്തമാക്കി. നിലവിൽ ആശുപത്രിയിൽ കുടിവെള്ളമുൾപ്പെടെ ലഭ്യത കുറവാണ്. അതിനായി ജല അതോറിറ്റിയുടെ ഒന്നര കിലോമീറ്റർ അകലെയുള്ള കിണറ്റിൽനിന്ന് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മന്ത്രി, ജലവിഭവവകുപ്പു മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു നടപടി അഭ്യർഥിക്കുകയായിരുന്നു.