വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും ഫലമില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
177

ചെന്നൈ: ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊതവൽ ചാവടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നാണ് സംഭവം. ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയിരുന്ന 33കാരനായ മുരളീകൃഷ്ണനാണ് ബോംബെറിഞ്ഞതെന്നും അക്രമം നടത്തിയ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

സംഭവ സമയം ഇയാൾ മദ്യലഹരിയിലായിരുന്നു. വർഷങ്ങളായി പ്രാർത്ഥിക്കുന്നെങ്കിലും തന്റെ ജീവിതത്തിൽ നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും അതാണ് ബോംബ് എറിയാൻ കാരണമെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

നാല് വർഷമായി ക്ഷേത്രത്തിലെ ദേവനോട് പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ദേവനെ ശപിക്കുകയും തുടർന്ന് പെട്രോൾ ബോംബ് എറിയുകയുമായിരുന്നു. എന്നാൽ ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ജയിൽവാസത്തിന് ശേഷം മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
അതിനിടെ,​ തമിഴ്‌നാട് ബി ജെ പി നേതാവ് കെ അണ്ണാമലൈ സർക്കാരിനെതിരെ രംഗത്ത് വന്നു. കുറച്ചു ദിവസം മുമ്പ് രാജ്‌ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ചെന്നൈയിലെ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായി. ഇന്ന് ക്ഷേത്രത്തിനുള്ളിൽ പെട്രോൾ ബോംബെറിഞ്ഞു. തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു. ഡി.എം.കെ സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇതെല്ലാം എന്നാണ് അണ്ണാമലൈയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here