മനുഷ്യസ്നേഹികളായ കോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി തന്നെ, ചെലവഴിച്ച തുക

0
437

കൊച്ചി: സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടം പിടിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്.

മലയാളികളിൽ ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 93 കോടിയുമായി രണ്ടാം സ്ഥാനത്തും വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. മുത്തൂറ്റ് ഫിനാൻസ് കുടുംബം (71 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (35 കോടി രൂപ), മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ (15 കോടി രൂപ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (13 കോടി രൂപ), ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോപാലൻ എ.എം. ഗോപാലൻ (7 കോടി രൂപ), സമി-സബിൻസ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മജീദ് (5 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റു മലയാളികൾ. ഇവർ മൊത്തം 435 കോടി രൂപയാണ് സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

ദേശീയതലത്തിൽ എച്ച്.സി.എൽ. ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാർ (2,042 കോടി രൂപ), വിപ്രോ സ്ഥാപകൻ അസിം പ്രേംജി (1,774 കോടി രൂപ), റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (376 കോടി രൂപ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നതിൽ ഇന്ത്യ മുന്നിലാണെന്ന് ഹുറുൺ ഇന്ത്യ എം.ഡി.യും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.

ഫോബ്‌സിന്റെ സമ്പന്നരായ മലയാളികളുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി തന്നെയായിരുന്നു. 59,000 കോടിയാണ് ഫോബ്‌സിന്റെ കണക്ക് പ്രകാരം യൂസഫലിയുടെ ആസ്തി. സമ്പന്ന ഇന്ത്യക്കാരുടെ ലിസ്റ്റിൽ കഴിഞ്ഞ വർഷം 35-ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ  27-ാം സ്ഥാനത്താണ്. ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമതുള്ളത്. 36000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് മൂന്നാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here