ഒരു കോടിയിലധികം വില, ഒരു കറങ്ങുന്ന കസേര, ടോയ്‌ലറ്റ്; എത്തുന്നതിന് മുമ്പേ വിവാദമായ നവകേരള ബസിന് ഇനിയും പ്രത്യേകതകളേറെ

0
171

തിരുവനന്തപുരം: കേരളത്തിലിപ്പോൾ ഒരു ബസ്സിനെ ചുറ്റിപ്പറ്റിയാണ് വാർത്തകൾ അത്രയും. വിവാദങ്ങൾക്കിടെ ആ ബസ് കാസർകോടുമെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.

25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. ക‍ർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.

കേരളത്തിന്റെ തനത് സാസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ. കെഎസ് ആർടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വി‍ജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിട്ടുണ്ട്. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസ്സിന് ബിധമകല്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാൻ അനുമതിയുണ്ട്. വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനനേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം. സർക്കാർ ആവശ്യപ്പെടുമ്പോൾ വണ്ടി വിൽക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഇങ്ങെത്തും മുൻപേ വിവാദങ്ങളുടെ ഗട്ടറുകളിൽ വീണ ബസ് കൗതുകം അവസാനിപ്പിച്ച് ഇന്ന് നവകേരള യാത്ര തുടങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here