ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു

0
410

ബെംഗളൂരു: ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

കർണാടക എക്സാമിനേഷൻ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി. സർക്കാർ നിയമനങ്ങൾക്കായി മത്സര പരീക്ഷകൾ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്. ബിജെപി സർക്കാർ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് സഭയിൽ ബില്ല് അവതരിപ്പിച്ച് വേണം പിൻവലിക്കാൻ.

നിയമം പ്രാബല്യത്തിൽ നിൽക്കെ ഹിജാബ് മത്സര പരീക്ഷകളിൽ അനുവദിച്ചാൽ അത് തിരിച്ചടിയാകുമോയെന്ന് സംശയം ഉയർന്നതിനാലാണ് നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്. ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുകളയുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here