ദുബൈയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ന്യൂഇയറിനുള്ള ഹോട്ടൽ ബുക്കിംഗ് ഇപ്പോഴേ 75 ശതമാനം കടന്നു

0
153

ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ക്രിസ്മസ്, ന്യൂ ഇയർ സീസൺ ആരംഭിക്കുന്നതിന് 50 ദിവസത്തിലധികം ബാക്കിയുണ്ടെങ്കിലും പലരും മുൻകൂട്ടി ഹോട്ടലുകൾ ബുക്ക് ചെയ്തതാണ് 75 ശതമാനം ഇപ്പോൾ തന്നെ കഴിഞ്ഞത്. അതേസമയം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഉൾപ്പെടെയുള്ളവ നാക്കുന്നതിനാൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ നേരത്തെ തന്നെ യുഎഇയിലെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവരും പുതുവത്സരം ആഘോഷിച്ചാകും രാജ്യം വിടുക.

വിനോദസഞ്ചാരികളുടെ വൻതോതിലുള്ള പ്രവാഹത്തിനാണ് ദുബൈ നിലവിൽ സാക്ഷ്യം വഹിക്കുന്നത്. 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ ദുബൈ പ്രീ-പാൻഡെമിക് ടൂറിസ്റ്റ് കണക്കുകളെ മറികടന്ന് 12.4 ദശലക്ഷത്തിലെത്തി. അതിനാൽ, റിസർവേഷനുകളുടെ കാര്യത്തിൽ 2023 മറ്റൊരു റെക്കോർഡ് വർഷമാകുമെന്ന് വ്യവസായ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

Booking.com സെർച്ചിൽ 80 ശതമാനം സ്ഥലങ്ങളും ക്രിസ്മസ് സമയത്തും 88 ശതമാനം പുതുവത്സരാഘോഷത്തിലും ലഭ്യമല്ലെന്ന് കണ്ടെത്തി. ഇത് സാധാരണയായി ഹോട്ടലുകൾക്കും എയർലൈനുകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ശക്തമായ ബുക്കിംഗുകളുള്ള പ്രാദേശിക ടൂറിസം മേഖലയിലെ ഏറ്റവും ഉയർന്ന സമയമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ പേർ രാജ്യത്തേക്ക് എത്തും. ഈ ഒഴുക്ക് ഏപ്രിൽ വരെ തുടരും.

എമിറേറ്റിലുടനീളം ഹോട്ടലുകളുള്ള സെൻട്രൽ ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റെ മിക്ക ഹോട്ടലുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നതായി അതിന്റെ സി.ഒ.ഒ അബ്ദുല്ല അൽ അബ്ദുല്ല പറയുന്നു. ഗ്രൂപ്പിന്റെ പ്രോപ്പർട്ടികൾ ഡിസംബർ അവസാന വാരത്തിൽ 19 ശതമാനം മുതൽ 75 ശതമാനം വരെ അഡ്വാൻസ്ഡ് ബുക്കിംഗ് രേഖപ്പെടുത്തിയാതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ 50 ശതമാനത്തിലേറെ ബുക്കിംഗ് വന്നതായി ലീവ ഹോട്ടൽസ് മാനേജർ തോമസ് കുര്യൻ പറയുന്നു. ന്യൂഇയറിന് ഒന്നര മാസത്തോളം സമയമുള്ളതിനാൽ അടുത്ത മാസം പകുതിക്ക് മുൻപായി ഹോട്ടലുകൾ പൂർണമായും നിറയുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അത്രയേറെ പരിപാടികളാണ് അടുത്ത രണ്ട് മാസത്തിനിടെ ദുബൈയിൽ നടക്കാനുള്ളത്. ഇതെല്ലാം ലോകസഞ്ചാരികളെ അത്രയധികം ആകർഷിക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്ന് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി ബുക്കിംഗ് വരുന്നുണ്ടെന്ന് റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വെളിപ്പെടുത്തി. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, റഷ്യ, ഇന്ത്യ, സഊദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ പ്രമുഖ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നാണ് ഭൂരിഭാഗം ബുക്കിംഗുകളും വരുന്നതെന്നാണ് കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here