കണക്ക് തീര്‍ത്ത് ഇന്ത്യ ഫൈനലിൽ; ന്യൂസിലൻഡിനെ തകര്‍ത്തത് 70 റണ്‍സിന്

0
174

മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ പതറാതെ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ച് തല ഉയര്‍ത്തി തന്നെയാണ് കിവീസ് മടങ്ങുന്നത്. സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക വിതച്ച ശേഷമാണ് കീഴടങ്ങിയത്. 119 പന്തില്‍ ഏഴ് സിക്‌സും ഒമ്പത് ഫോറുമടക്കം 134 റണ്‍സെടുത്ത മിച്ചല്‍ 46-ാം ഓവറില്‍ മടങ്ങിയതോടെ കിവീസിന്റെ പോരാട്ടവീര്യത്തിനും അവസാനമായി.

ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് സെമിയിലും ഇന്ത്യന്‍ പേസാക്രമണം നയിച്ചത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി.

398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിന് 39 റണ്‍സിനിടെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് ഇരുവരെയും മടക്കിയത്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം കിവീസിന് പ്രതീക്ഷ നല്‍കി. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് മുന്നേറിയത്. എന്നാല്‍ ബുംറയുടെ പന്തില്‍ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറില്‍ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറില്‍ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here